നടി ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർതൃമാതാവും മുൻ ജഡ്ജിയുമായ ഗിരിബാല സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഭർതൃഗൃഹത്തിൽ ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി. സിബിഐ സംഘം ഭോപ്പാലിലെ വീട്ടിലെത്തി ഗിരിബാല സിങ്ങിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതി ഗിരിബാല സിങ്ങിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നടപടി. ട്വിഷ മരിച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഗിരിബാല സിങ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഇവരുടെ മകനും ട്വിഷയുടെ ഭർത്താവുമായ സാമർത്ത് സിങ്ങിനെ മെയ് 23ന് ജബൽപൂർ ജില്ലാ കോടതി പരിസരത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു.

പത്തുദിവസത്തോളം ഒളിവിലായിരുന്ന സാമർത്ത് സിങ് പിന്നീട് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. തുടർന്ന് ഭോപ്പാൽ കോടതി ഇയാളെ ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് ട്വിഷ ശർമയുടെ ചാറ്റുകൾ, കോൾ റെക്കോർഡുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.