ഉക്രൈനിൽ അടുത്തിടെയുണ്ടായ റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. യുദ്ധം ഒരിക്കലും പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്നും അത് ദുരിതങ്ങൾ വർധിപ്പിക്കുക മാത്രമേയുള്ളൂവെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. വത്തിക്കാനിൽ മെയ് 27 ന് നടന്ന പൊതുദർശന പരിപാടിക്കിടെയാണ് ആഗോളസമാധാനത്തിനായുള്ള മാർപാപ്പയുടെ ഈ പുതിയ ആഹ്വാനം.
”മിസൈലുകളും ഡ്രോണുകളും പതിക്കുന്നിടത്തെല്ലാം തകരുന്നത് ജനങ്ങളുടെ പ്രതീക്ഷകളാണ്. വീടുകളും ആരാധനാലയങ്ങളും തകർക്കപ്പെടുന്നു, നിഷ്കളങ്കരായ മനുഷ്യരുടെ ജീവിതങ്ങൾ ഇല്ലാതാകുന്നു” – മാർപാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉക്രൈനിൽ സാധാരണക്കാർക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ കടുത്ത ആശങ്കയും ദുഃഖവും രേഖപ്പെടുത്തിയ പാപ്പ, ആക്രമണങ്ങൾ രൂക്ഷമായ ലെബനനിലെ ജനങ്ങൾക്ക് തന്റെ പ്രാർഥനയും പിന്തുണയും അറിയിച്ചു.
അതേസമയം, പൊതുദർശനത്തിനെത്തിയ അറബിക്, ഫ്രഞ്ച് ഭാഷക്കാരായ ലെബനീസ് തീർഥാടകരെ അഭിസംബോധന ചെയ്ത പാപ്പ മാതാവിന്റെ മാതൃസഹജമായ സ്നേഹവും സംരക്ഷണവും എപ്പോഴും അവർക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി.



