കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) ശരിവെച്ച സുപ്രീംകോടതി വിധിയെ അതിരൂക്ഷമായി വിമർശിച്ച് കേസിൽ തെരഞ്ഞെടുപ്പ് വിദഗ്ധനെന്ന നിലക്ക് കക്ഷി ചേർന്ന് സുപ്രീംകോടതിയിൽ ​ുനരിട്ട് കേസ് വാദിച്ച യോഗേന്ദ്ര യാദവ് രംഗത്തുവന്നു. സുപ്രീംകോടതി വിധിയോടെ രാജ്യത്ത് ഇനി ആര് വോട്ട് ചെയ്യണമെന്നും ആര് വോട്ട് ചെയ്യരുതെന്നും ബി.ജെ.പിക്ക് തീരുമാനിക്കാൻ കഴിയുമെന്ന് യോഗേന്ദ്ര യാദവ് വിമർശിച്ചു. ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം എടുത്തു കളഞ്ഞതിന് നിയമസാധുത കൈവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിധി ഇതായിരിക്കുമെന്ന് വളരെ മുമ്പേ തന്നെ വ്യക്തമായിരുന്നുവെന്നും എസ്.ഐ.ആറിന്‍റെ ഭരണഘടനാപരമായ സാധുത പരിശോധിക്കാതെ കോടതി ഒഴിഞ്ഞുമാറിയെന്നും എസ്.ഐ.ആറിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവരിൽ ഒരാളായ യാദവ് പറഞ്ഞു. ഭരണഘടനാ സാധുത പരിശോധിക്കുന്നതിനു പകരം നടപടിക്രമത്തിലെ പരാതി നിവാരണത്തിലേക്ക് കോടതി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ തന്നെ കേസിന്‍റെ ദിശാഗതി വ്യക്തമായിരുന്നു.

ഭരണഘടനാ സാധുത പരിശോധിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയ കോടതി അതിനു പകരം പരാതി നിവാരണത്തിലും മധ്യസ്ഥതയിലും ഊന്നൽ നൽകി സ്വയം ഒരു ഉപഭോക്തൃ തർക്കപരിഹാര വേദിയായി മാറുകയായിരുന്നു. കോടതിയിൽ വാദം നടക്കുമ്പോഴും എസ്.ഐ.ആർ പ്രക്രിയ തുടർന്നത് അത് അംഗീകരിക്കപ്പെട്ട നടപടിക്രമമാക്കി മാറ്റി.

വൻ തോതിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയ നടപടിക്ക് ജുഡീഷ്യൽ അംഗീകാരം ലഭിച്ചിരിക്കുകയാണെന്ന് യാദവ് ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷന് സർവാധികാരമാണ് ലഭിച്ചിരിക്കുന്നത്. കമീഷന് ഇഷ്‍ടമുള്ളത് ചെയ്യാം. കേവലം എസ്.ഐ.ആറിന്‍റെ നിയമസാധുതക്ക് അപ്പുറം ഈ കോടതിവിധി പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.