വാഷിംങ്ടൺ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യാ യുദ്ധത്തിൽ ഫലസ്തീനികളെ പിന്തുണച്ചതിന്റെ പേരിൽ യു.എസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ടഫ്സ് സർവകലാശാലയിലെ തുർക്കിയിൽനിന്നുള്ള ഡോക്ടറൽ വിദ്യാർത്ഥിയെ നാടുകടത്തുന്നത് മസാച്യുസെറ്റ്‌സിലെ ഫെഡറൽ ജഡ്ജി തടഞ്ഞു. ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഓസ്തുര്‍ക്കിനെ നാടുകടത്താൻ പാടില്ല എന്നാണ് കോടതിയുടെ നിര്‍ദേശം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മസാച്യുസെറ്റ്‌സിലെ വീടിനടുത്തുനിന്ന് മുഖംമൂടി ധരിച്ച ഫെഡറൽ ഏജന്റുമാർ 30 കാരിയായ റുമൈസ ഓസ്‌തുർക്കിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അവരുടെ വിസ റദ്ദാക്കി. യു.എസ് ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.



