ഇന്ത്യയേയും ചൈനയേയും നരകക്കുഴികൾ എന്ന് വിശേഷിപ്പിക്കുകയും കുടിയേറ്റക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തുകയും ചെയ്യുന്ന കത്ത് ട്രൂത്ത് സോഷ്യലിൽ റീപോസ്റ്റ് ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രശസ്ത റേഡിയോ അവതാരകൻ മൈക്കൽ സാവേജ് എഴുതിയ കത്താണ് ട്രംപ് തന്റെ സമൂഹമാധ്യമത്തിൽ പങ്കിട്ടത്.

ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഗർഭിണികൾ പ്രസവത്തിനായി മാത്രം അമേരിക്കയിൽ എത്തുന്നുവെന്നും, ഒൻപതാം മാസത്തിൽ ഇവിടെ വന്ന് കുഞ്ഞിന് ജന്മം നൽകുന്നതിലൂടെ അവർക്ക് ഇൻസ്റ്റന്റ് പൗരത്വം ലഭിക്കുന്നുവെന്നും കത്തിൽ ആരോപിക്കുന്നു. ഇത്തരത്തിൽ പൗരത്വം നേടുന്നതിലൂടെ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും മറ്റ് നരകക്കുഴികളിൽ നിന്നും അവർ തങ്ങളുടെ കുടുംബത്തെ മുഴുവൻ അമേരിക്കയിലേക്ക് കൊണ്ടുവരികയാണെന്ന് മൈക്കൽ സാവേജ് പരിഹസിക്കുന്നു.

ഇന്ത്യൻ, ചൈനീസ് കുടിയേറ്റക്കാരെ ലാപ്ടോപ്പുമായി വന്ന ഗുണ്ടകൾ എന്നും നമ്മുടെ പതാകയെ ചവിട്ടിമെതിക്കുന്നവർ എന്നും കത്തിൽ അധിക്ഷേപിക്കുന്നുണ്ട്. അമേരിക്കൻ സുപ്രീം കോടതിയിൽ ജന്മാനാ ഉള്ള പൗരത്വവുമായി ബന്ധപ്പെട്ട വാദങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.