ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി (JFK) അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കാനഡ വിമാനവും റിപ്പബ്ലിക് എയർവേയ്‌സ് വിമാനവും ആകാശത്ത് കൂട്ടിയിടിക്കുമാറ് അടുത്തുവന്നതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA).
തിങ്കളാഴ്ച നടന്ന സംഭവത്തിൽ ഇരു വിമാനങ്ങളിലെയും പൈലറ്റുമാർ സമയോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. നിശ്ചിത പാതയിൽ നിന്ന് മാറി സഞ്ചരിച്ച റിപ്പബ്ലിക് എയർവേയ്‌സ് വിമാനം എയർ കാനഡ ജെറ്റിന് തൊട്ടടുത്തെത്തുകയായിരുന്നു. വിമാനങ്ങളിലെ അപായസൂചന നൽകുന്ന ഓൺബോർഡ് അലേർട്ടുകൾ പ്രവർത്തിച്ചതോടെ പൈലറ്റുമാർ വിമാനങ്ങളുടെ ദിശ മാറ്റി വൻ അപകടം ഒഴിവാക്കി.
കഴിഞ്ഞ മാസം ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് കനേഡിയൻ പൈലറ്റുമാർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഈ പുതിയ സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയിലെ എയർ ട്രാഫിക് കൺട്രോളർമാർ നേരിടുന്ന കടുത്ത ജോലിഭാരവും ജീവനക്കാരുടെ കുറവുമാണ് ഇത്തരം തുടർച്ചയായ അപകടസാധ്യതകൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശമ്പളം പോലുമില്ലാതെ ദീർഘനേരം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം സുരക്ഷാ സംവിധാനങ്ങളെ ബാധിക്കുന്നുണ്ടെന്ന ആശങ്ക ശക്തമാണ്.



