ചൈനയ്ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചൈനീസ് ഇറക്കുമതിക്ക് 34 ശതമാനം ലെവി പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയായി, “താരിഫ് ബ്ലാക്ക്‌മെയിലിംഗ്” കണ്ട് ഭയപ്പെടില്ലെന്നും യുഎസ് അടിസ്ഥാനരഹിതമായ കാരണങ്ങളാൽ താരിഫ് ചുമത്തിയതാണെന്നും ചൈന പറഞ്ഞു.

യുഎസ് ഇറക്കുമതിക്ക് 34 ശതമാനം പരസ്പര താരിഫ് ഏർപ്പെടുത്തിയ പ്രഖ്യാപനം പിൻവലിക്കാൻ ചൈനയ്ക്ക് ഒരു ദിവസത്തെ സമയം നൽകിയ ട്രംപ്, സമയപരിധി പാലിച്ചില്ലെങ്കിൽ ഏപ്രിൽ 9 മുതൽ അധിക 50% താരിഫ് ബാധകമാകുമെന്നും പറഞ്ഞു. വിവിധ രാജ്യങ്ങൾക്കുള്ള ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തെത്തുടർന്ന് ആഗോള ഓഹരി വിപണിയിലെ മാന്ദ്യത്തിനിടയിലാണ് ഈ സംഭവവികാസം.

ചൈന നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന താരിഫുകൾക്ക് പുറമേ 34 ശതമാനം അധിക തീരുവ ചുമത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യൽ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. നിയമവിരുദ്ധമായ സബ്‌സിഡികൾ, കറൻസി കൃത്രിമത്വം തുടങ്ങിയ അന്യായമായ വ്യാപാര രീതികൾ ചൈന സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പുതിയ താരിഫുകൾ ഉപയോഗിച്ച് ഏതെങ്കിലും രാജ്യം യുഎസിനെതിരെ തിരിച്ചടിച്ചാൽ, മുമ്പത്തേക്കാൾ ഉയർന്ന താരിഫുകൾ നൽകേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.