ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: കമ്മ്യൂണിസ്റ്റുകളോട് യുഎസ് പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപിനുള്ള ചതുര്‍ത്ഥി പ്രശസ്തമാണ്. ഏറ്റവും ഒടുവിലായി ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയെ ചൊല്ലിയാണ് ട്രംപിന്റെ കമ്യൂണിസ്റ്റ് വിരോധം ഒരിക്കല്‍ കൂടി മറനീക്കി പരസ്യമായി പുറത്തുവന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ഥി സോഹ്റാന്‍ മംദാനി പ്രൈമറി തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഏറെക്കുറേ ‘ഹാലിളകിയ’ മട്ടാണ് ട്രംപിന്.
‘നന്നായി പെരുമാറിയില്ലെങ്കില്‍’ ന്യൂയോര്‍ക്ക് നഗരത്തിലേക്കുള്ള ഫെഡറല്‍ ഫണ്ട് നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതായി ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് മംദാനിയെ ‘ശുദ്ധ കമ്മ്യൂണിസ്റ്റ്’ എന്ന് വിശേഷിപ്പിച്ചതും അദ്ദേഹത്തിന്റെ വിജയം ‘അചിന്തനീയം’ ആണെന്നും പറഞ്ഞത്.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും സ്റ്റേറ്റ് അസംബ്ലി അംഗവുമായ മംദാനി, സമ്പന്നമായ അയല്‍പക്കങ്ങള്‍ക്കും ഉയര്‍ന്ന വരുമാനമുള്ള വ്യക്തികള്‍ക്കും നികുതി വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മേയര്‍ സ്ഥാനത്തേക്കുള്ള ചൂടേറിയ മത്സരത്തിനിടയിലാണ് ഈ പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. മംദാനി വിജയിച്ചാല്‍, ‘അദ്ദേഹം ശരിയായ കാര്യം ചെയ്യേണ്ടിവരും, അല്ലെങ്കില്‍ അവര്‍ക്ക് പണം ലഭിക്കില്ല’ എന്ന് ട്രംപ് മുന്നറിയിപ്പ് എന്നവണ്ണം പറയുന്നു.
ന്യൂയോര്‍ക്ക് സിറ്റി കണ്‍ട്രോളറുടെ ഓഫീസ് പറയുന്നതനുസരിച്ച്, വിവിധ പരിപാടികളിലൂടെ നഗരത്തിന് ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് പ്രതിവര്‍ഷം 100 മില്യണ്‍ ഡോളറിലധികം ലഭിക്കുന്നുണ്ട്. എന്‍ബിസി ന്യൂസിനോട് സംസാരിച്ച മംദാനി ട്രംപിന്റെ ആരോപണം നിഷേധിച്ചു. ‘ഇല്ല, ഞാന്‍’ ഒരു കമ്മ്യൂണിസ്റ്റല്ല,’ അദ്ദേഹം പറഞ്ഞു, നയപരമായ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ട്രംപ് തന്റെ രൂപഭാവവും പശ്ചാത്തലവും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1 മില്യണ്‍ ഡോളറില്‍ കൂടുതലുള്ള വരുമാനത്തിന്മേലുള്ള നികുതി വര്‍ദ്ധിപ്പിച്ചും ന്യൂജേഴ്സിയിലെ വരുമാനവുമായി കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ ഏകീകരിച്ചും ‘അമിത നികുതിയുടെ ഭാരം ചുമക്കുന്ന വീട്ടുടമസ്ഥരില്‍ നിന്ന് നികുതി ഭാരം കുറയ്ക്കാനുള്ള’ തന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. മത്സരം ഇപ്പോഴും പ്രവചനാതീതമാണ്. ഡെമോക്രാറ്റിക് മത്സരത്തില്‍ മംദാനിയോട് പരാജയപ്പെട്ട മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അതിനിടയിലും മംദാനി ഒരു പ്രധാന മത്സരാര്‍ത്ഥിയായി തുടരുകയാണ്. പക്ഷേ ഗ്രേസി മാന്‍ഷനില്‍ കടുത്ത ഡെമോക്രാറ്റിക് പ്രൈമറി പോരാട്ടത്തെ അദ്ദേഹം ഇപ്പോഴും അഭിമുഖീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്ര പ്രവര്‍ത്തക മീര നായരാണ് അദ്ദേഹത്തിന്റെ മാതാവ്. മീരയുടെയും ഉഗാണ്ടന്‍ മാര്‍ക്സിസ്റ്റ് പണ്ഡിതനായ മഹ്‌മൂദ് മംദാനിയുടെയും മകനാണ് ഇന്ത്യന്‍ വംശജനായ മുസ്ലീം മംദാനി. ന്യൂയോര്‍ക്ക് സിറ്റിയുടെ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ മേയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഡെമോക്രാറ്റിന്റെ പ്രൈമറി തിരഞ്ഞെടുപ്പില്‍ മംദാനി യോഗ്യത നേടിയ മട്ടാണ്. തിരഞ്ഞെടുപ്പില്‍ മംദാനി വിജയിച്ചാല്‍, അദ്ദേഹം ന്യൂയോര്‍ക്കിലെ ആദ്യത്തെ മുസ്ലീം മേയറാകും.
അതുകൂടി മുന്നില്‍ കണ്ടാണ് ട്രംപിന്റെ ഹാലിളക്കം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ വംശജരായ കുടിയേറ്റക്കാരുടെ മകനായ അദ്ദേഹത്തിന് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. അതു തന്നെയാണ് ട്രംപിന്റെ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതും. ഈ ഇടതു പാര്‍ട്ടിയുമായി ഡെമോക്രാറ്റുകള്‍ ബന്ധം ഉപേക്ഷിക്കണമെന്ന് വിശ്വസിക്കുന്നവര്‍ക്കാണ് പാര്‍ട്ടിയില്‍ മേല്‍ക്കൈ.
മംദാനി പലസ്തീനികള്‍ക്കുവേണ്ടി സംസാരിക്കുകയും ഇസ്രായേലിനെ ‘വംശഹത്യ’ക്കാരായും ആരോപിച്ചു എന്ന വസ്തുതയും അദ്ദേഹത്തെ ട്രംപിന്റെ പ്രധാന ശത്രുവാക്കുന്നു. എന്തായാലും ട്രംപിന്റെ പരാമര്‍ശത്തോടെ ന്യായോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പ് ആഗോള തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.