ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: യുക്രെയിനെതിരേ റഷ്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ യുഎസ് നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുമ്പോഴും വിട്ടുവീഴ്ചയ്ക്ക് സെലന്‍സ്‌കി തയാറായേക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. ഇതിനു കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് തുടര്‍ച്ചയായ ആക്രമണങ്ങളില്‍ യുക്രെയിനില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതും ദൈനംദിന ജീവിതം ദുസ്സഹമാകുന്നതുമാണ്. എന്നാലും തനിക്കും തന്റെ ജനതയ്ക്കും സംരക്ഷണം ഉറപ്പാക്കി മാത്രമേ ഏതെങ്കിലും തരത്തിലുള്ള കരാറില്‍ സെലന്‍സ്‌കി ഒപ്പുവയ്ക്കാന്‍ സാധ്യതയുള്ളൂ.
യുക്രെയിന്റെ അതിര്‍ത്തി വിട്ടുകൊടുത്തു കൊണ്ടുള്ള യുദ്ധവിരാമം തുടക്കത്തില്‍ സെലന്‍സ്‌കി ആഗ്രഹിച്ചിരുന്നില്ല. ഭൂരിഭാഗം യുക്രെയിന്‍കാരും ഇതേ വികാരമായിരുന്നു പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ പ്രത്യാക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും നാശനഷ്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെ ഈ നിലപാടിനുള്ള പിന്തുണ കുറഞ്ഞു. അതേസമയം കൂടുതല്‍ പിന്‍വാങ്ങല്‍ ഭാവിയില്‍ ആക്രമണങ്ങള്‍ക്ക് ക്ഷണിച്ചുവരുത്തുമെന്ന ആശങ്കയും യുക്രെയിന്‍ പൗരന്‍മാര്‍ക്ക് ഉണ്ട്.
വാഷിംഗ്ടണിലെ ചര്‍ച്ചകള്‍ ആഭ്യന്തരമായും സെലെന്‍സ്‌കിക്ക് നിര്‍ണായകമാകും. റഷ്യന്‍ ആക്രമണം തുടങ്ങിയതിനു ശേഷം ജൂലൈ അവസാനം, അദ്ദേഹം തന്റെ ആദ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയെ നേരിട്ടിരുന്നു. അഴിമതി വിരുദ്ധ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ നീക്കത്തിനെതിരെ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ഇതോടെ ഈ നീക്കത്തില്‍ നിന്ന് സെലന്‍സ്‌കി പിന്മാറുകയും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്കുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുകയും ചെയ്തു.
അമേരിക്ക, യുക്രെയ്ന്‍, മറ്റ് സഖ്യകക്ഷികള്‍ എന്നിവ തമ്മിലുള്ള ഭിന്നതകളാണ് ചര്‍ച്ചകളിലെ അദ്ദേഹത്തിന്റെ നിലപാട് സങ്കീര്‍ണ്ണമാക്കുന്നത്. റഷ്യയ്ക്ക് യുക്രെയ്ന്‍ മുഴുവന്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ട്രംപ് വിശ്വസിക്കുന്നു എന്നതാണ് വാസ്തവം. ഒരു ദശലക്ഷത്തിലധികം യുദ്ധ മരണങ്ങള്‍ ഉണ്ടായിട്ടും യുക്രെയ്‌നിന്റെ അഞ്ചിലൊന്നില്‍ താഴെ പ്രദേശങ്ങള്‍ മാത്രമേ ക്രെംലിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞുള്ളൂ എന്നതാണ് വാസ്തവം. അതേസമയം, അനുകൂല സാഹചര്യങ്ങള്‍ പുടിനെ തന്റെ ആക്രമണം വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്ന് യൂറോപ്യന്മാര്‍ ഭയപ്പെടുകയും ചെയ്യുന്നുണ്ട്.
”യുക്രെയ്‌നിന് സുരക്ഷാ ഗ്യാരണ്ടി നല്‍കാന്‍ അമേരിക്ക യൂറോപ്പുമായി പ്രവര്‍ത്തിക്കാന്‍ സമ്മതിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ അത് എങ്ങനെ പ്രവര്‍ത്തിക്കും, അമേരിക്കയുടെ പങ്ക് എന്തായിരിക്കും, യൂറോപ്പിന്റെ പങ്ക് എന്തായിരിക്കും, യൂറോപ്യന്‍ യൂണിയന് എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നുമില്ല. ഇതാണ് ഞങ്ങളുടെ പ്രധാന കടമ്പ.’- ” സെലെന്‍സ്‌കി തന്റെ ആശങ്ക പരസ്യമാക്കുന്നു.
ഇതെല്ലാം പരിഹരിക്കാനുതകുന്ന ത്രികക്ഷി ചര്‍ച്ചയാണ് സെലന്‍സ്‌കിയുടെ മനസ്സില്‍. എന്നാല്‍ ഇതുവരെ റഷ്യ ത്രികക്ഷി ചര്‍ച്ച എന്നു സംഭവിക്കുമെന്നതിന്റെ സൂചന നല്‍കുന്നില്ല എന്നതാണ് വാസ്തവം. ആയുധങ്ങളുടെ സമ്മര്‍ദ്ദത്തില്‍ തീരുമാനം എടുക്കില്ല എന്നു തന്നെയാണ് സെലന്‍സ്‌കി നല്‍കുന്ന സൂചന. അന്തിമ കരാറിലെത്തും മുന്‍പ് ഒരു വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും അദ്ദേഹം വാദിക്കുന്നു.
കൈവിന് വേണ്ടി വാദങ്ങള്‍ ഉയര്‍ത്തുമ്പോഴും 2014 മുതല്‍ റഷ്യന്‍ സൈന്യവും അതിന്റെ പങ്കാളികളും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള വലിയ പ്രദേശങ്ങള്‍ യുക്രെയ്ന്‍ വിട്ടുകൊടുക്കണമെന്ന പുടിന്റെ ആവശ്യങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് പിന്തുണ നല്‍കുന്നതാണ് കാണുന്നത്. യുക്രെയ്നിനെതിരെ കടുത്ത ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും, കരാറുണ്ടാക്കാന്‍ യുഎസ് തിരക്കു കൂട്ടുകയാണെന്നും സൂചനകളുണ്ട്. യുക്രെയിന് സുരക്ഷ ഉറപ്പു നല്‍കുന്നതിന് യൂറോപ്യന്‍ യൂണിയനുമൊത്ത് സഹകരിക്കാന്‍ യുഎസ് തയാറാണെന്ന് പുടിനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ഏതു തരത്തിലുള്ള ഗ്യാരന്റിയാണെന്നും അത് ക്രെംലിന് സ്വീകാര്യമാകുമോ എന്ന കാര്യത്തില്‍ ഇപ്ോപഴും വ്യക്തതയില്ല.
നാറ്റോയിലെ സഖ്യ കക്ഷികള്‍ക്ക് നല്‍കുന്ന ആര്‍ട്ടിക്കിള്‍ 5 പരിരക്ഷ യുക്രെയിനും നല്‍കാന്‍ തയാറാണെന്ന് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു സഖ്യകക്ഷി ആക്രമിക്കപ്പെട്ടാല്‍ അത് എല്ലാ അംഗങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കപ്പെടുന്ന നാറ്റോ വ്യവസ്ഥയാണിത്.
ട്രംപും സമ്മര്‍ദ്ദത്തിലാണ്. ജനുവരിയില്‍ അധികാരമേറ്റ ശേഷം റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം വേഗത്തില്‍ അവസാനിപ്പിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ പ്രധാനമായും ലക്ഷ്യമിട്ടത് കൈവിലായിരുന്നു. പക്ഷേ ഒടുവില്‍ യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കാത്തത് ക്രെംലിനാണെന്ന് അദ്ദേഹത്തിന് സമ്മതിക്കേണ്ടിവന്നു. ട്രംപിന് വഴങ്ങുന്നതിനുപകരം, റഷ്യ ആക്രമണങ്ങള്‍ ശക്തമാക്കി. സിവിലിയന്‍ മരണങ്ങള്‍ വര്‍ദ്ധിച്ചു. ജൂണ്‍, ജൂലൈ മാസങ്ങള്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ വിനാശകാരിയായ മാസങ്ങളായിരുന്നു എന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.
അലാസ്‌ക ഉച്ചകോടിക്ക് മുന്നോടിയായി, വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നത് മോസ്‌കോയ്ക്കും റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കും എതിരെ പുതിയ കടുത്ത ശിക്ഷാ നടപടികള്‍ക്ക് കാരണമാകുമെന്ന് ട്രംപ് പറഞ്ഞു. പുടിനുള്ള റെഡ് കാര്‍പെറ്റ് സ്വീകരണവും യുഎസ് നേതാവിന്റെ കവചിത ലിമോയില്‍ പങ്കിട്ട യാത്രയും ഉള്‍പ്പെടുന്ന യോഗത്തിന് ശേഷം ഈ ഭീഷണികള്‍ ട്രംപ് പിന്‍വലിച്ചു. ആക്രമണകാരിയെ ശിക്ഷിക്കുന്നതിനുപകരം, ‘ഭൂമി കൈമാറ്റം’ ഉള്‍പ്പെടുന്ന ഒരു പൂര്‍ണ്ണ സമാധാന കരാര്‍ തേടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും അത് അംഗീകരിക്കാന്‍ സെലെന്‍സ്‌കിയെ പ്രേരിപ്പിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. അതായത് കീവിനൊപ്പമെന്നു പറയുമ്പോഴും റഷ്യയ്ക്കു വേണ്ടിയുള്ള നയതന്ത്രമാണ് ട്രംപ് ചെയ്യുന്നതെന്നു നിരിക്ഷകര്‍ വിലയിരുത്തുന്നു.