വാഷിംഗ്ടൺ: തന്നെ ‘സമാധാനത്തിന്റെ പ്രസിഡന്റ്’ (The Peace President) എന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിക്കുമ്പോഴും, നോബൽ സമ്മാനം ലഭിക്കാനുള്ള സാധ്യതകളിൽ സംശയം പ്രകടിപ്പിച്ച് ഡൊണാൾഡ് ട്രംപ്. ഏഴോളം ആഗോള സംഘർഷങ്ങൾ അവസാനിപ്പിച്ചു എന്ന് അവകാശപ്പെടുമ്പോഴും നോർവീജിയൻ നോബൽ കമ്മിറ്റി തനിക്ക് പുരസ്‌കാരം നൽകാതിരിക്കാൻ “ഒരു കാരണം കണ്ടെത്തും” എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.
ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തലിന്റെ ആദ്യഘട്ടത്തിന് ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നോബൽ സമ്മാനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നുവന്നത്. വെള്ളിയാഴ്ച പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കെ, തൻ്റെ സാധ്യതകളെക്കുറിച്ച് ചോദിച്ച റിപ്പോർട്ടറോട് ട്രംപ് മറുപടി നൽകി. “എനിക്കറിയില്ല… ഞങ്ങൾ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ഇക്കാര്യം വിദേശകാര്യ സെക്രട്ടറി റൂബിയോ മാർക്കോ പറയും. എട്ടാമത്തേത് അവസാനിപ്പിക്കാൻ അടുത്തെത്തിയിരിക്കുന്നു. റഷ്യൻ പ്രശ്നവും ഞങ്ങൾ പരിഹരിക്കും എന്നാണ് കരുതുന്നത്. ഇത്രയധികം യുദ്ധങ്ങൾ ആരും ചരിത്രത്തിൽ അവസാനിപ്പിച്ചിട്ടില്ല,” എന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ഇസ്രായേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങളിൽ സമാധാന ശ്രമങ്ങൾ നടത്തുന്നതിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പാകിസ്ഥാൻ നാമനിർദ്ദേശം ചെയ്തു, ഇന്ത്യ തള്ളി
നോബൽ സമ്മാനത്തിനായി നിരവധി രാജ്യങ്ങൾ ട്രംപിനെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. അതിലൊന്ന് പാകിസ്ഥാനാണ്. 2024 ജൂൺ 20-ന്, ഇന്ത്യ-പാക് പ്രതിസന്ധി ഘട്ടത്തിലെ “നിർണ്ണായകമായ നയതന്ത്ര ഇടപെടലിനും പ്രധാന നേതൃത്വത്തിനും” ട്രംപിന് നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യുകയാണെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചത്. മെയ് മാസത്തിലെ സൈനിക ഏറ്റുമുട്ടലിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം സ്ഥാപിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ, വെടിനിർത്തൽ സ്ഥാപിച്ചതിൻ്റെ ക്രെഡിറ്റ് ഇന്ത്യ അമേരിക്കയ്ക്ക് നൽകിയില്ല. ഇന്ത്യയുടെ സൈനിക നടപടികളെത്തുടർന്ന് പാകിസ്ഥാൻ്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡി.ജി.എം.ഒ.) ഇന്ത്യൻ പ്രതിരോധ വിഭാഗവുമായി ബന്ധപ്പെട്ട് വെടിനിർത്തലിന് അടിയന്തരമായി അഭ്യർത്ഥിക്കുകയായിരുന്നുവെന്നാണ് ഇന്ത്യ നിലപാടെടുത്തത്.