വാഷിങ്ടൺ: കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയർത്തിയ നടപടിയിൽ യുഎസിനെ തീരുവകൊണ്ടുതന്നെ തിരിച്ചടിച്ച് ഇന്ത്യ. യുഎസ് ഇന്ത്യയിലേക്ക് വൻ തോതിൽ കയറ്റുമതി ചെയ്തിരുന്ന പയറുവർഗങ്ങൾക്കും പരിപ്പുകൾക്കും 30% തീരുവയാണ് ഇന്ത്യ ചുമത്തിയിരിക്കുന്നത്. ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ തീരുവ നിലവിലുണ്ട്, എന്നിരുന്നാലും ഇത് പൊതുവായി പ്രഖ്യാപിക്കാതെയാണ് നടപ്പിലാക്കിയത്. കേന്ദ്ര സർക്കാർ ഈ നടപടിയ്ക്ക് കാര്യമായി പ്രചരണം നൽകിയില്ല. രണ്ട് യുഎസ് സെനറ്റർമാർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തെഴുതിയ വിവരം പുറത്ത് വന്നതോടെയാണ് ഇന്ത്യ ചുമത്തിയ തീരുവ ചർച്ചയാകുന്നത്.

ഇന്ത്യചുമത്തിയ വൻതീരുവയിൽ കർഷകരും കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലാണെന്നും കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ സമ്മർദം ചെലുത്തണമെന്നുമാണ് ട്രംപിനോട് സെനറ്റർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. നോർത്ത് ഡക്കോട്ട, മൊണ്ടാന എന്നിവിടങ്ങളിലെ
സെനറ്റർമാരായ കെവിൻ ക്രാമർ, സ്റ്റീവ് ഡെയിൻസ് എന്നിവരാണ് ട്രംപിന് കത്തയച്ചത്.

തീരുവ കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ പ്രസിഡന്റ് ട്രംപ് സമ്മർദം ചെലുത്തണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടു. ഈ കത്ത് പുറത്തുവന്നതോടെയാണ് ഇന്ത്യ തീരുവകൂട്ടിയ വിവരം വലിയ ചർച്ചയായത്. തീരുവ കുറയ്ക്കാനും ഇന്ത്യൻ വിപണിയിലേക്ക് യുഎസ് ഉൽപന്നങ്ങളുടെ പ്രവേശനം സുഗമമാക്കാനും ട്രംപ് ഇടപെടണമെന്ന് സെനറ്റർമാർ ആവശ്യപ്പെട്ടു. ഇന്ത്യയുമായി വ്യാപാരക്കരാർ ഉറപ്പിക്കുംമുൻപ് ട്രംപ് ഇടപെടണമെന്നാണ് ആവശ്യം.

കത്തിലെ പ്രസക്ത ഭാഗങ്ങൾ

2025 ഒക്ടോബർ 30-ന് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മഞ്ഞക്കടലയ്ക്ക് 30% തീരുവ ഏർപ്പെടുത്തുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ഈ തീരുവ നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. അന്യായമായതീരുവകൾ കാരണം, അമേരിക്കൻ പരിപ്പ് വർഗ്ഗ ഉത്പാദകർ ഇന്ത്യയിലേക്ക് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ കാര്യമായ ദോഷം നേരിടുന്നു.

നോർത്ത് ഡക്കോട്ട, മൊണ്ടാന തുടങ്ങിയ കാർഷിക സംസ്ഥാനങ്ങൾക്ക് ഇത് ഒരു പ്രധാന വിഷയമാണ്. ഈ സംസ്ഥാനങ്ങളാണ് അമേരിക്കയിലെ പ്രധാന കടല, പരിപ്പ് വർഗ്ഗ ഉത്പാദകർ. അതേസമയം, ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ പരിപ്പ് വർഗ്ഗ ഉപഭോക്താവ്, ലോകത്തിലെ മൊത്തം ഉപഭോഗത്തിന്റെ ഏകദേശം 27% വരും ഇത്.

ഇന്ത്യയിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പരിപ്പ് വർഗ്ഗങ്ങൾ പയർ, കടല, ഉണങ്ങിയ ബീൻസ്, എന്നിവയാണ്. എന്നിട്ടും അമേരിക്കൻ പരിപ്പ് വർഗ്ഗങ്ങൾക്ക് വലിയ തീരുവ ഏർപ്പെടുത്തിയിരിക്കുന്നു.

ട്രംപ് മന്ത്രിസഭ ആദ്യമായി ഭരണത്തിലെത്തിയപ്പോൾ ഇവയ്ക്ക് നികുതി ചുമത്തുന്ന വിഷയം സംബന്ധിച്ച് തങ്ങൾ എഴുതിയിരുന്നതായി സെനറ്റർമാർ സൂചിപ്പിച്ചു. അന്ന്, 2020-ലെ വ്യാപാര ചർച്ചയ്ക്കിടെ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് കത്ത് കൈമാറിയിരുന്നു. ഇത് ഉത്പാദകർക്ക് വിഷയങ്ങൾ ചെയ്യാനുള്ള അവസരം നൽകി. പയറുവർഗ്ഗങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാകും. ഒരു വശത്ത്, അമേരിക്കൻ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് വലിയ വിപണി ലഭിക്കും, മറുവശത്ത്, ഇന്ത്യൻ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ പയറുവർഗ്ഗങ്ങൾ ലഭ്യമാകും. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തും.

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതിനിടെയാണ് ഇന്ത്യ നികുതി 30 ശതമാനമാക്കി ഉയർത്തിയത്. ഇന്ത്യയുടെ ആഭ്യന്തര കാർഷിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സ്വന്തം വ്യാപാര സ്വയംഭരണാധികാരം ഉറപ്പിക്കാനുമുള്ള വ്യക്തമായ സൂചനയായിട്ടാണ് നയതന്ത്രജ്ഞർ ഈ നീക്കത്തെ കാണുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിൽ വരാനിരിക്കുന്ന വ്യാപാര കരാർ ചർച്ചകളിൽ ഈ വിഷയം പ്രധാനമാകാൻ സാധ്യതയുണ്ട്. ഇരു രാജ്യങ്ങളിലെയും കർഷകരും വ്യാപാരികളും ട്രംപ് ഭരണകൂടം ഈ ആവശ്യം സംബന്ധിച്ച് എന്ത് നിലപാടെടുക്കുമെന്നും ഇന്ത്യൻ സർക്കാർ ഈ തീരുവകളിൽ എന്തെങ്കിലും ഇളവ് നൽകുമോ എന്നും ഉറ്റുനോക്കുന്നു.