ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: വെനിസ്വേലയിലെ ജനാധിപത്യ തകര്‍ച്ചയും മഡുറോയുടെ ഭരണത്തിന് കീഴിലുണ്ടായ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുമാണ് ട്രംപ് ഭരണകൂടത്തെ നിക്കോളാസ് മഡുറോയെ ബന്ദിയാക്കി യുഎസിലേക്ക് കൊണ്ടുപോകുന്നതിന് പെട്ടെന്ന് തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം എന്നാണ്് പൊതുവേ വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ തന്റെ രാഷ്ട്രീയ അടിത്തറ ശക്തമാക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്നും വ്യാഖ്യാനിക്കപ്പെടുന്നു.
സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മഡുറോ അധികാരം വിട്ടൊഴിയാന്‍ തയ്യാറാകാത്തതാണ് ട്രംപിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. യുഎസിനെ വെല്ലുവിളിച്ച് അധികാരത്തില്‍ തുടരാനുള്ള ശ്രമമാണ് മഡുറോ നടത്തുന്നതെന്നാണ് ട്രംപ് ഇതിനെ വിലയിരുത്തിയത്. അതിനിടെ നിക്കോളാസ് മഡുറോയുടെ ‘നോ വാര്‍, യെസ് പീസ്’ (No War, Yes Peace) എന്ന ഗാനത്തിനൊപ്പമുള്ള നൃത്തം ട്രംപിനെ വല്ലാതെ പ്രകോപിപ്പിച്ചുവെന്നും അത് മഡുറോയുടെ അറസ്റ്റിലേക്ക് നയിച്ച ഒരു പ്രധാന കാരണമായി മാറിയെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വെനിസ്വേലന്‍ തീരത്തെ മയക്കുമരുന്ന് കടത്ത് തടയാന്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് മഡുറോ തന്റെ പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ഈ റിമിക്‌സ് പാട്ടിന് നൃത്തം ചെയ്തത്. ഇത് അമേരിക്കയുടെ താക്കീതുകളെ മഡുറോ പുച്ഛിച്ചു തള്ളുന്നു എന്ന സന്ദേശമാണ് വൈറ്റ് ഹൗസിന് നല്‍കിയത്. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ നൃത്തത്തെ പരസ്യമായ വെല്ലുവിളിയായാണ് കണ്ടത്. ‘ഇതൊരു നൃത്തം അധികമായിപ്പോയി’ എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ ഇതിനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ സൈനിക കരുത്തിനെ മഡുറോ തമാശയായി കാണുന്നു എന്ന് ട്രംപിന് തോന്നിത്തുടങ്ങി.
യുഎസ് ഉപരോധങ്ങള്‍ക്കും സൈനിക നീക്കങ്ങള്‍ക്കുമിടയില്‍ മഡുറോ ഇത്തരത്തില്‍ ആഘോഷിക്കുന്നത് അമേരിക്കയുടെ നയതന്ത്ര പ്രതിച്ഛായയെ ബാധിക്കുമെന്ന് ട്രംപ് കരുതിയേ്രത. താന്‍ നല്‍കുന്ന അന്ത്യശാസനങ്ങള്‍ മഡുറോ ഗൗരവത്തിലെടുക്കുന്നില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് (അറസ്റ്റ് ഉള്‍പ്പെടെ) നീങ്ങാന്‍ ട്രംപ് തീരുമാനിച്ചത്. ഈ നൃത്ത വീഡിയോയിലൂടെ താന്‍ സമാധാനം ആഗ്രഹിക്കുന്നുവെന്നും (No War) അമേരിക്കയെ ഭയക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാനാണ് മഡുറോ ശ്രമിച്ചത്. എന്നാല്‍ ട്രംപ് ഇതിനെ തന്നെ വ്യക്തിപരമായി അപമാനിക്കാനുള്ള നീക്കമായിട്ടാണ് കണക്കാക്കിയത്.
രാഷ്ട്രീയമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും മഡുറോയുടെ ഈ വിചിത്രമായ നൃത്ത പ്രകടനം ട്രംപിന്റെ ക്ഷമ നശിപ്പിക്കുകയും പെട്ടെന്നുള്ള സൈനിക നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതോടൊപ്പം 2018-ല്‍ നടന്ന തിരഞ്ഞെടുപ്പ് അഴിമതി നിറഞ്ഞതാണെന്നും മഡുറോ നിയമവിരുദ്ധമായാണ് അധികാരം കൈയാളുന്നതെന്നും അമേരിക്ക ആരോപിച്ചു. വെനിസ്വേലന്‍ ജനത അനുഭവിക്കുന്ന പട്ടിണിക്കും സാമ്പത്തിക തകര്‍ച്ചയ്ക്കും മഡുറോയുടെ സ്വേച്ഛാധിപത്യമാണ് കാരണമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
മറ്റൊരു പ്രധാന കാരണം ലാറ്റിന്‍ അമേരിക്കയിലെ റഷ്യന്‍-ചൈനീസ് സ്വാധീനം കുറയ്ക്കുക എന്നതായിരുന്നു. മഡുറോയുടെ ഭരണകൂടത്തിന് റഷ്യയും ചൈനയും ക്യൂബയും നല്‍കുന്ന പിന്തുണ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ട്രംപ് കരുതി. അമേരിക്കയുടെ തൊട്ടടുത്ത് മറ്റൊരു ശത്രുപക്ഷം ശക്തിപ്പെടുന്നത് തടയുക എന്ന നയതന്ത്ര ലക്ഷ്യവും ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നു.
വെനിസ്വേലയുടെ എണ്ണ സമ്പത്തില്‍ റഷ്യയും ചൈനയും ആധിപത്യം സ്ഥാപിക്കുന്നത് തടയാന്‍ മഡുറോയെ മാറ്റേണ്ടത് അനിവാര്യമാണെന്ന് അമേരിക്ക വിലയിരുത്തി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മഡുറോയ്ക്കും അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിഷയത്തെ കൂടുതല്‍ വഷളാക്കി. വെനിസ്വേലയെ ഒരു ‘നാര്‍ക്കോ സ്റ്റേറ്റ്’ (മയക്കുമരുന്ന് മാഫിയ ഭരിക്കുന്ന രാജ്യം) ആയി അമേരിക്കന്‍ നീതിന്യായ വകുപ്പ് മുദ്രകുത്തി. മഡുറോയെ പിടികൂടുന്നവര്‍ക്ക് 15 ദശലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായി.
കൊളംബിയ വഴിയുള്ള മയക്കുമരുന്ന് കടത്തിന് മഡുറോ സഹായം നല്‍കുന്നു എന്നതായിരുന്നു അമേരിക്കയുടെ പ്രധാന പരാതി. പെട്ടെന്നുണ്ടായ പ്രകോപനത്തിന് പിന്നില്‍ അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഫ്‌ലോറിഡ പോലെയുള്ള സംസ്ഥാനങ്ങളിലെ വെനിസ്വേലന്‍, ക്യൂബന്‍ വംശജരായ വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കാന്‍ മഡുറോയ്‌ക്കെതിരെയുള്ള കടുത്ത നിലപാട് ട്രംപിനെ സഹായിച്ചു.



