ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: ഇറാന്‍ യുദ്ധത്തിന് ശേഷം തന്റെ അധികാരത്തിന് ‘അതിരുകളില്ല’ എന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. നിരുപാധികമായ കീഴടങ്ങലിന് പകരം ഒരു ധാരണാപത്രത്തിലാണ് അദ്ദേഹം ഒപ്പുവെച്ചതെങ്കിലും തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്. ഇറാനുമായുള്ള യുദ്ധം തന്റെ അധികാരത്തിന്റെ പരിമിതികളെ തുറന്നുകാട്ടിയെന്ന വാദങ്ങളെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞു.

പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് ‘അതിരുകളില്ല’ എന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതായി അദ്ദേഹം ‘ആക്‌സിയോസിനോട്’ പറഞ്ഞു. താന്‍ ആദ്യം ആവശ്യപ്പെട്ടതിനേക്കാള്‍ വളരെ പരിമിതമായ ഒരു കരാറിലേക്ക് ഇറാാനുമായി ഒത്തുതീര്‍പ്പിലെത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും പ്രബലരായ ഭരണാധികാരികളുമായി സ്വയം താരതമ്യം ചെയ്യാന്‍ ട്രംപ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്റെ നിരുപാധികമായ കീഴടങ്ങല്‍ ആവശ്യപ്പെട്ടാണ് ട്രംപ് സംഘര്‍ഷത്തിലേക്ക് കടന്നതെങ്കിലും ഒടുവില്‍ ഒരു ധാരണാപത്രത്തില്‍ ഒതുങ്ങുകയായിരുന്നു എന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ യുദ്ധം ഒരു ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴിമാറുന്നത് തടയാന്‍ വേണ്ടിയാണ് താന്‍ ഈ പരിമിതമായ കരാറിന് സമ്മതിച്ചതെന്ന് ‘ദി ആക്‌സിയോസ് ഷോ’യില്‍ ആക്‌സിയോസ് ലേഖകന്‍ മാര്‍ക്ക് കപൂട്ടോയോട് ട്രംപ് പറഞ്ഞു. അതേസമയം, യുദ്ധത്തിന്റെ ഫലം പൂര്‍ണ്ണമായ വിജയമാണെന്ന് അദ്ദേഹം ഇപ്പോഴും അവകാശപ്പെടുന്നു.

തന്റെ സ്വന്തം അധികാരത്തിന്റെ പരിമിതികളെക്കുറിച്ച് ഈ യുദ്ധം എന്താണ് പഠിപ്പിച്ചത് എന്ന ചോദ്യത്തിന്, ‘അതിരുകളൊന്നുമില്ല’ എന്ന് ട്രംപ് മടിയേതുമില്ലാതെ മറുപടി നല്‍കിയതാണ് കൗതുകം. വീണ്ടും ചോദിച്ചപ്പോള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘ഞാന്‍ ആ പാഠം ഇതുവരെ പഠിച്ചിട്ടില്ല. പരിമിതികള്‍ ഉണ്ടെന്ന് എനിക്കറിയാം, എങ്കിലും അതിരുകളില്ല.’

ഇറാനു ലഭിക്കുന്നത് എന്ത്?

ട്രംപിന്റെ ആദ്യത്തെ ആവശ്യവും അദ്ദേഹം ഒപ്പുവെച്ച കരാറും തമ്മിലുള്ള വ്യത്യാസം അഭിമുഖത്തിനിടയില്‍ ചോദ്യം ചെയ്യപ്പെട്ടു. ‘സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ നിരുപാധികമായ കീഴടങ്ങലിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. എന്നാല്‍ ഈ ധാരണാപത്രം കണ്ടിട്ട് നിരുപാധികമായ കീഴടങ്ങലായി തോന്നുന്നില്ലല്ലോ’ എ്‌നായിരുന്നു ചോദ്യം. എന്നാല്‍ ട്രംപ് ഇതിനോട് വിയോജിച്ചു. ‘സൈനികപരമായി നമ്മള്‍ അവരെ പൂര്‍ണ്ണമായും പരാജയപ്പെടുത്തി, ഈ ധാരണാപത്രം മിക്കവാറും നിരുപാധികമായ കീഴടങ്ങല്‍ തന്നെയാണ്.’ ട്രംപ് വാദിച്ചു.

എന്നിരുന്നാലും, കരാറിന്റെ ഉള്ളടക്കം കൂടുതല്‍ സങ്കീര്‍ണ്ണമായ ഒരു ചിത്രമാണ് നല്‍കുന്നത്. 14 നിബന്ധനകളുള്ള ഈ കരാര്‍ പ്രകാരം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സ്വതന്ത്രമായി അനുവദിക്കാന്‍ ഇറാന്‍ ബാധ്യസ്ഥരാണ്. പകരം യുഎസ് തങ്ങളുടെ നാവിക ഉപരോധം അവസാനിപ്പിക്കുകയും വേണം. അതോടൊപ്പം, നിലവിലുള്ള യുഎസ് ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നത് ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന അന്തിമ കരാറിന് വിധേയമായിരിക്കുമെങ്കിലും, ടെഹ്റാന് കുറഞ്ഞത് 300 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കാനും ഇതില്‍ വ്യവസ്ഥയുണ്ട്. പുനരധിവാസത്തിനും സാമ്പത്തിക വികസനത്തിനുമുള്ള ഫണ്ടുകള്‍ ഉള്‍പ്പെടെ ഇറാനു അനുകൂലമായ പല വ്യവസ്ഥകളും ഇതിലുണ്ട്.

ഇറാനില്‍ പോലും ഈ കരാറിന് പൂര്‍ണ്ണമായ സ്വീകാര്യത ലഭിച്ചിട്ടില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിക്ക് ഈ കരാറിനോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും, പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് ഇതില്‍ ഒപ്പുവെക്കാന്‍ അദ്ദേഹം അനുമതി നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പെന്റഗണ്‍ ‘ഓപ്പറേഷന്‍ എപിക് ഫ്യൂരി’ എന്ന് നാമകരണം ചെയ്ത യുഎസ് നാവിക സേനയുടെ നടപടിയെ, തങ്ങളുടെ സംയമനത്തിന്റെയല്ല മറിച്ച് കരുത്തിന്റെ തെളിവായിട്ടാണ് ട്രംപ് ചൂണ്ടിക്കാണിക്കുന്നത്.

‘ഇതുപോലൊരു ഉപരോധം മറ്റാര്‍ക്കാണ് ചെയ്യാന്‍ കഴിയുക? ഞാന്‍ ഒരു നാവിക ഉപരോധം ഏര്‍പ്പെടുത്തി, അതിലൂടെ ഒരു കപ്പലിന് പോലും കടന്നുപോകാന്‍ കഴിഞ്ഞില്ല. ചിലര്‍ ശ്രമിച്ചു, പക്ഷേ അത് അധികം നീണ്ടുനിന്നില്ല.’- ട്രംപ് അവകാശപ്പെട്ടു.

എന്തുകൊണ്ട് ട്രംപ് ഒത്തുതീര്‍പ്പിന് തയ്യാറായി?

എന്തുകൊണ്ടാണ് കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍, തന്നെ വിമര്‍ശിക്കുന്ന യുദ്ധക്കൊതിയന്‍മാരോട് ട്രംപ് ക്ഷോഭിച്ചു. ‘എനിക്ക് ഇതിലും കര്‍ശനമാകാനുള്ള ഒരേയൊരു വഴി, അവിടെ രണ്ട് മൂന്ന് ആഴ്ച കൂടി താമസിച്ച് ബോംബാക്രമണം തുടരുക എന്നതായിരുന്നു. ശരിയല്ലേ? പക്ഷേ അതുകൊണ്ട് നമുക്ക് എന്ത് കിട്ടും? ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല. നമുക്ക് മാസങ്ങളോളം എണ്ണ ലഭിക്കില്ല. നിങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുന്നിടത്തോളം കാലം അത് തനിയെ അടഞ്ഞുകിടക്കും. ഇത് ലോകമെമ്പാടും ഒരു വലിയ സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കാവുന്ന കാര്യമാണ്.’

ആഗോള പെട്രോളിയം ശേഖരം കുറഞ്ഞുവരികയാണെന്നും ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടന്നാല്‍ വലിയൊരു എണ്ണ പ്രതിസന്ധി ഉണ്ടായേക്കാമെന്നും ട്രംപ് സ്വകാര്യമായി ആശങ്ക പ്രകടിപ്പിച്ചിരുന്നതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം തുടങ്ങുന്നതിന് മുന്‍പ് താന്‍ വാഗ്ദാനം ചെയ്ത പരമാവധി നേട്ടങ്ങള്‍ക്കായി വാശിപിടിക്കാതെ, മുന്നിലുള്ള കരാര്‍ അംഗീകരിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത് ഈ ആഭ്യന്തര ആശങ്കയാണെന്ന് ആക്‌സിയോസ് പറയുന്നു.

ഈ തീരുമാനം തല്‍ക്കാലം ഇന്ധനവിലയിലെ സമ്മര്‍ദ്ദം കുറച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിച്ചതോടെ, യുഎസിലെ ഗ്യാസോലിന്‍ വില ഈ ആഴ്ച മാര്‍ച്ച് അവസാനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി (കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഗാലന് 50 സെന്റിലധികം കുറഞ്ഞു).

ട്രംപിന്റെ സ്വന്തം രാഷ്ട്രീയ ചേരിയിലുള്ള എല്ലാവരും ഈ കരാറില്‍ തൃപ്തരല്ല. ഫോക്‌സ് ന്യൂസ് അവതാരകന്‍ മാര്‍ക്ക് ലെവിന്‍ ഈ കരാറിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ട്രേ ഗൗഡി വാദിച്ചത് ഈ കരാര്‍ ടെഹ്റാനെ ദുര്‍ബലപ്പെടുത്തുന്നതിന് പകരം സാമ്പത്തികമായി കൂടുതല്‍ ശക്തമാക്കുമെന്നാണ്. ടെക്‌സസില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസ് കൂടുതല്‍ വ്യക്തമായി പറഞ്ഞു, ട്രംപിന് ലഭിക്കുന്നത് ‘വളരെ മോശം ഉപദേശമാണ്’. എന്നാല്‍ ഈ കരാര്‍ ചര്‍ച്ച ചെയ്യുന്നതില്‍ പങ്കാളിയായ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വിമര്‍ശകര്‍ക്കെതിരെ ശക്തമായി രംഗത്തുവന്നു.