ഡോ. ജോർജ് എം. കാക്കനാട്

ഹൂസ്റ്റൺ: അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളെയും ‘ജനനസിദ്ധമായ പൗരത്വത്തെയും’ വിമർശിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പങ്കുവെച്ച കുറിപ്പാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. പ്രമുഖ അമേരിക്കൻ പൊളിറ്റിക്കൽ കമന്റേറ്ററും എഴുത്തുകാരനുമായ മൈക്കൽ സാവേജ് എഴുതിയ ഒരു കത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ട്രംപ് തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. അമേരിക്കയിലെ നിലവിലെ കുടിയേറ്റ നിയമങ്ങളെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു ഈ കത്ത്.

അമേരിക്കയിലെത്തുന്ന വിദേശികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിലൂടെ അവർക്ക് എളുപ്പത്തിൽ പൗരത്വം ലഭിക്കുന്നുവെന്നും, തുടർന്ന് ഇന്ത്യയെയും ചൈനയെയും പോലുള്ള ‘നരകക്കുഴികളിൽ’ നിന്ന് അവരുടെ കുടുംബങ്ങളെ മുഴുവൻ അമേരിക്കയിലേക്ക് കൊണ്ടുവരികയാണെന്നും മൈക്കൽ സാവേജ് കത്തിൽ പരിഹസിച്ചിരുന്നു.

കുടിയേറ്റക്കാർക്ക് അമേരിക്കയോട് കൂറില്ലെന്നും പല നഗരങ്ങളിലും ഇംഗ്ലീഷ് സംസാരിക്കാത്ത അവസ്ഥയാണെന്നും കത്തിൽ ആരോപിക്കുന്നു. ഈ വിവാദ പരാമർശങ്ങൾ ഉൾപ്പെട്ട കത്ത് യാതൊരു തിരുത്തലുമില്ലാതെ ട്രംപ് പങ്കുവെച്ചതാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ചൊടിപ്പിച്ചത്.

ട്രംപിന്റെ ഈ നടപടി ഇന്ത്യയിൽ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാരണമായി. ഇന്ത്യയെ ഇത്രത്തോളം അപമാനിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്തായ ട്രംപിനെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു. ഓരോ ഭാരതീയന്റെയും അഭിമാനത്തെ മുറിപ്പെടുത്തുന്നതാണ് ഈ പ്രസ്താവനയെന്നും രാജ്യത്തിന്റെ അന്തസ്സിനെ ഇത് ബാധിക്കുമെന്നും രാഷ്ട്രീയ നേതാക്കൾ വിമർശിച്ചു. സോഷ്യൽ മീഡിയയിലും ട്രംപിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ആഞ്ഞടിച്ചു.

സംഭവം കൈവിട്ടുപോകുമെന്ന് കണ്ടതോടെ അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങൾ ഉടൻ തന്നെ പ്രതിരോധ നടപടികളുമായി രംഗത്തെത്തി. തർക്കം പരിഹരിക്കാനായി യുഎസ് എംബസി വക്താവ് ക്രിസ്റ്റഫർ എം, മുൻപ് പ്രധാനമന്ത്രി മോദിയെയും ഇന്ത്യയെയും ട്രംപ് പുകഴ്ത്തി സംസാരിച്ച നിരവധി സന്ദർഭങ്ങൾ മാധ്യമങ്ങളെ ഓർമ്മിപ്പിച്ചു. ഇന്ത്യ ഒരു അത്ഭുതകരമായ രാജ്യമാണെന്നും മോദി തന്റെ ഉറ്റ സുഹൃത്താണെന്നും ട്രംപ് മുൻപ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് ഈ ‘ഡാമേജ് കൺട്രോളിന്’ ശ്രമിച്ചത്.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ വളരെ കരുതലോടെയാണ് പ്രതികരിച്ചത്. ഇത്തരം റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നുമാണ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയത്. വരാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധവും കണക്കിലെടുത്ത് വിഷയം കൂടുതൽ വഷളാക്കാതിരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എങ്കിലും ട്രംപിനെപ്പോലൊരു നേതാവ് ഇന്ത്യയെ ഇത്തരത്തിൽ അഭിസംബോധന ചെയ്തത് പ്രവാസി മലയാളികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.