ഡോ. ജോർജ് എം. കാക്കനാട്

ഹൂസ്റ്റൺ: ഡയറ്റ് സോഡ കുടിക്കുന്നത് ശരീരത്തിലെ അർബുദ കോശങ്ങളെ നശിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം വലിയ ആഗോള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ ‘ട്രിഗേർഡ്’ എന്ന പോഡ്‌കാസ്റ്റിൽ പങ്കെടുത്ത ഡോക്ടർ മെഹ്മെത് ഓസാണ് ട്രംപിന്റെ ഈ വിചിത്രമായ വിശ്വാസത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പുല്ലിൽ ഒഴിച്ചാൽ അത് കരിഞ്ഞുപോകുമെന്നും അതുകൊണ്ട് ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനും ഡയറ്റ് സോഡയ്ക്ക് കഴിയുമെന്നാണ് ട്രംപ് വാദിക്കുന്നതെന്ന് ഡോക്ടർ ഓസ് പറഞ്ഞു.

എന്നാൽ ഈ അവകാശവാദത്തെ പിന്താങ്ങിയ ട്രംപ് ജൂനിയർ, 80 വയസ്സുകാരനായ തന്റെ പിതാവിന്റെ ഊർജ്ജസ്വലതയ്ക്ക് പിന്നിൽ ഇത്തരത്തിലുള്ള ശീലങ്ങളുണ്ടാകാമെന്നും കൂട്ടിച്ചേർത്തു. എന്നാൽ ഈ വാദത്തിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഡയറ്റ് സോഡയിൽ ഉപയോഗിക്കുന്ന അസ്പാർട്ടേം, സുക്രലോസ് തുടങ്ങിയ കൃത്രിമ മധുരങ്ങൾ അർബുദത്തെ പ്രതിരോധിക്കുമെന്ന് തെളിയിക്കുന്ന ക്ലിനിക്കൽ പഠനങ്ങളൊന്നും ലഭ്യമല്ല. മറിച്ച്, അസ്പാർട്ടേം മനുഷ്യരിൽ അർബുദത്തിന് കാരണമായേക്കാവുന്ന ഒന്നാണെന്ന് ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ (IARC) 2023-ൽ മുന്നറിയിപ്പ് നൽകിയിരുന്നു.

പരിമിതമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ വർഗ്ഗീകരണം. ഒരാൾ തന്റെ ശരീരഭാരത്തിന് അനുസരിച്ച് നിശ്ചിത അളവിൽ കൂടുതൽ അസ്പാർട്ടേം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ലെന്ന് വിദഗ്ധ സമിതികൾ വ്യക്തമാക്കുന്നുണ്ട്. ഇത്തരം തെറ്റായ പ്രചാരണങ്ങൾ അർബുദ ചികിത്സാരംഗത്ത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് റേഡിയേഷൻ ഓങ്കോളജി കൺസൾട്ടന്റായ ഡോ. പേൾ ആനന്ദ് മുന്നറിയിപ്പ് നൽകുന്നു.

ഇത്തരം പ്രസ്താവനകൾ രോഗികളിൽ തെറ്റായ പ്രതീക്ഷകൾ നൽകുകയും ശാസ്ത്രീയമായ ചികിത്സകൾ വൈകിപ്പിക്കാൻ കാരണമാവുകയും ചെയ്യും. കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ അത്യാവശ്യ ചികിത്സകൾ ഒഴിവാക്കി ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരുന്നത് രോഗിയുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. സ്തനാർബുദം, മലാശയ അർബുദം തുടങ്ങിയവയുടെ കൃത്യമായ ചികിത്സാ സമയത്തെ ഇത് ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണ ഫലങ്ങളെ അവയുടെ വിശ്വാസ്യത അനുസരിച്ച് തരംതിരിക്കാറുണ്ട്. കോശങ്ങളിൽ നടത്തുന്ന പഠനങ്ങൾ മുതൽ മെറ്റാ അനാലിസിസ് വരെയുള്ള ഘട്ടങ്ങളിൽ ഉയർന്ന തലത്തിലുള്ള തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ ഒരു മരുന്നോ പാനീയമോ ഫലപ്രദമാണെന്ന് പറയാനാകൂ. മിക്ക വ്യാജ പ്രചാരണങ്ങളും അടിസ്ഥാനമില്ലാത്ത നിരീക്ഷണങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്.

അതിനാൽ ഇത്തരം അവകാശവാദങ്ങൾ വിശ്വസിക്കുന്നതിന് മുൻപ് ഡോക്ടർമാരുടെ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്. അതേസമയം, ഈ വിവാദങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. പ്രസിഡന്റ് ട്രംപ് ഒരു തമാശരൂപേണ പറഞ്ഞ കാര്യമാണിതെന്നും അദ്ദേഹത്തിന് മികച്ച തമാശ ബോധമുണ്ടെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചത്.