വാഷിംഗ്ടൺ: കമല ഹാരിസിനെ വാശിയേറിയ തിരഞ്ഞെടുപ്പിൽ നിഷ്പ്രഭമാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ഡോണൾഡ് ട്രംപ് തന്‍റെ ക്യാബിനറ്റിലെ നി‍ർണായ സ്ഥാനങ്ങളിൽ വേണ്ടവരെ നിയമിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ്. നിയുക്ത പ്രസിഡന്‍റായ ട്രംപ് ഇതിനകം തന്നെ പല സുപ്രധാന പദവികളിലെയും പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ അമേരിക്കയിൽ നിന്നും പുറത്തുവരുന്ന വാർത്ത അടുത്ത വിദേശകാര്യ സെക്രട്ടറിയെ സംബന്ധിച്ചുള്ളതാണ്. മാർക്കോ റൂബിയോ ആകും അമേരിക്കയുടെ പുതിയ വിദേശ കാര്യ സെക്രട്ടറിയെന്നാണ് സൂചനകൾ പറയുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ട്രംപ് ഉടൻ പ്രഖ്യാപിക്കും.

അമേരിക്കയിൽ ജനിച്ച ക്യൂബൻ വംശജനായ മാർക്കോ റൂബിയോ, ഫ്ലോറിഡയിൽ നിന്നുള്ള യു എസ് സെനറ്റർ ആണ്. 2016 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രൈമറിയിൽ ട്രംപിനെതിരെ മത്സരിച്ചിട്ടുണ്ട് ഇദ്ദേഹം. അമേരിക്കയിൽ ജനിച്ച ക്യൂബൻ വംശജനായ റൂബിയോ 2011 മുതൽ യു എസ് സെനറ്റ് അംഗമാണ്. സെനറ്റ് ഇന്‍റലിജൻസ് കമ്മിറ്റി വൈസ് ചെയർമാനും ഫോറിൻ റിലേഷൻസ് കമ്മിറ്റി അംഗവുമാണ് റൂബിയോ.