വാഷിംഗ്ടണ്‍ ഡിസി: ഇറാനെതിരായ സൈനികനീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താനാണു മാര്‍പാപ്പ ശ്രമിക്കുന്നതെന്നും അതു നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണ്. അദ്ദേഹത്തിന്റെ വിദേശനയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. അമേരിക്കക്കാരനായ അദ്ദേഹത്തെ സഭ മാര്‍പാപ്പയായി തെരഞ്ഞെടുത്തതുതന്നെ തന്നെ നേരിടാന്വേണ്ടിയാണെന്നും ട്രംപ് ആരോപിച്ചു. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പോസ്റ്റിലും ടാര്‍മാക്കിന് നല്കിയ അഭിമുഖത്തിലും ട്രംപ് നിലപാട് ആവര്‍ത്തിച്ചു. “ഞാന്‍ ലെയോ മാര്‍പാപ്പയുടെ ആരാധകനല്ല, ഇറാന് ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്നു കരുതുന്ന ഒരു മാര്‍പാപ്പയെ എനിക്ക് അംഗീകരിക്കാനാകില്ല. വെനസ്വേലയില്‍നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ അതിനെ മാര്‍പാപ്പ വിമര്‍ശിക്കുന്നതു ശരിയല്ല’’- ട്രംപ് പറഞ്ഞു.
“മാര്‍പാപ്പ ആകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല; ഒരു അമേരിക്കക്കാരനായതിനാല്‍ മാത്രമാണ് സഭ അദ്ദേഹത്തെ അവിടെ ഉള്‍പ്പെടുത്തിയത്, പ്രസിഡന്റ് ട്രംപിനെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്ന് അവര്‍ കരുതി. ഞാന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലെയോ വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ല. ഇടതുപക്ഷക്കാരനായ ഡേവിഡ് ആക്സല്‍റോഡിനെപ്പോലുള്ള ഒബാമ അനുഭാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നു. ലെയോ മാര്‍പാപ്പ എന്ന നിലയില്‍ തന്റെ കടമകള്‍ നിര്‍വഹിക്കണം. സാമാന്യബുദ്ധി ഉപയോഗിക്കണം, ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് നിര്‍ത്തണം. രാഷ്ട്രീയക്കാരനാകാനല്ല, മഹാനായ മാര്പാപ്പയാകുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കണം’’ -സമൂഹമാധ്യമത്തില്‍ ട്രംപ് കുറിച്ചു.
ലോകസമാധാനത്തിനായി നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ലെയോ മാര്‍പാപ്പ ഏറ്റവുമൊടുവില്‍ കഴിഞ്ഞ ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ലോകസമാധാനത്തിനായി പ്രത്യേക പ്രാര്‍ഥനാശുശ്രൂഷ നടത്തുകയും അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു.



