ഡോ. ജോർജ് എം. കാക്കനാട്

ഹൂസ്റ്റൺ: ഇറാനെതിരെ യുദ്ധം ചെയ്യാൻ യേശു ക്രിസ്തു തിരഞ്ഞെടുത്ത പോരാളി ആണോ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രൂമ്പ് ? “ഡൊണാൾഡ് ട്രംപിനെ ദൈവം തിരഞ്ഞെടുത്ത പോരാളിയായി” ചിത്രീകരിക്കുന്ന പ്രസ്താവനകൾ അമേരിക്കയിലെ തീവ്ര വലതുപക്ഷ ക്രൈസ്തവ ഗ്രൂപ്പുകളിൽ നിന്നും ചില സൈനിക വൃത്തങ്ങളിൽ നിന്നുമാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

ഇറാനെതിരെയുള്ള യുദ്ധത്തിന് ഒരു ‘ബൈബിൾ പരിവേഷം’ നൽകുന്നതിലൂടെ ഇതിനെ വെറുമൊരു രാഷ്ട്രീയ സംഘർഷത്തിന് ഉപരിയായി ‘നന്മയും തിന്മയും തമ്മിലുള്ള അന്ത്യയുദ്ധം’ ആയി ഇവർ വ്യാഖ്യാനിക്കുന്നു.

ഈ യുദ്ധത്തിന് മതപരമായ ഒരു മാനം നൽകാൻ അമേരിക്കയിലെ ചില ഭരണാധികാരികളും സൈനിക കമാൻഡർമാരും ശ്രമിക്കുന്നത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. സൈനികർക്ക് നൽകുന്ന ചില ബ്രീഫിംഗുകളിൽ, ഇറാനെതിരെയുള്ള പോരാട്ടം ബൈബിളിലെ വെളിപാട് പുസ്തകത്തിൽ പറയുന്ന പ്രവചനങ്ങളുടെ പൂർത്തീകരണമാണെന്നും, ട്രംപ് ഈ ദൗത്യത്തിനായി ദൈവത്താൽ നിയോഗിക്കപ്പെട്ടവനാണെന്നും ചില കമാൻഡർമാർ പ്രസംഗിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനെ ‘അമാലേക്’ (ബൈബിളിലെ പുരാതന ശത്രു) എന്ന് വിശേഷിപ്പിച്ചത് ഈ മതപരമായ വാദങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്നു.

ഇറാൻ്റെ പ്രധാന നഗരങ്ങളായ ടെഹ്‌റാനിലും മറ്റും ഇസ്രായേൽ ശക്തമായ മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.
ഇറാൻ്റെ ഭാഗത്തുനിന്നും ശക്തമായ തിരിച്ചടികളാണ് ഉണ്ടാകുന്നത്. ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി, ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്താൻ ഉത്തരവിട്ടു.

ഇതിനോടകം തന്നെ ഖത്തറിലെ ദോഹയ്ക്ക് നേരെ ഇറാൻ തൊടുത്ത മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തിരുന്നു. കൂടാതെ, ആഗോള എണ്ണ വ്യാപാരത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ കടൽ മൈനുകൾ വിന്യസിച്ചത് ആഗോള എണ്ണവില 100 ഡോളറിന് മുകളിലേക്ക് കുതിക്കാൻ കാരണമായിട്ടുണ്ട്.

യുദ്ധം 12-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇതിനോടകം തന്നെ ഇറാനിൽ 1,300-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഗൾഫ് മേഖലയിലെ ഈ സംഘർഷത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധം തങ്ങൾ ജയിച്ചുകഴിഞ്ഞു എന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും, ഇറാൻ്റെ പ്രത്യാക്രമണങ്ങൾ അവസാനിക്കാത്തതും എണ്ണവില ഉയരുന്നതും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഒരു നീണ്ട യുദ്ധത്തിനാണ് തങ്ങൾ തയ്യാറെടുക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.