ഇറാനെതിരെയുള്ള സൈനിക നടപടികളിൽ യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള നിർണായക പ്രമേയം യു.എസ് സെനറ്റ് പാസാക്കി. സെനറ്റിൻ്റെ പരിഗണനയ്ക്ക് വിട്ട പ്രമേയം 47-നെതിരെ 50 വോട്ടുകൾക്കാണ് പാസായത്. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾക്കൊപ്പം നാല് റിപ്പബ്ലിക്കൻ സെനറ്റർമാരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സൂസൻ കോളിൻസ്, ലിസ മർക്കോവ്സ്കി, റാൻഡ് പോൾ, ബിൽ കാസിഡി എന്നിവരാണ് ട്രംപിനെതിരെ വോട്ട് ചെയ്ത റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ.

സെനറ്റർ ടിം കെയ്ൻ അവതരിപ്പിച്ച പ്രമേയപ്രകാരം, യു.എസ് പാർലമെൻ്റിൻ്റെ ഔദ്യോഗികമായ യുദ്ധപ്രഖ്യാപനമോ പ്രത്യേക സൈനികാനുമതിയോ ഇല്ലാതെ ഇറാനെതിരെയുള്ള സൈനിക നടപടികളിൽ നിന്ന് യു.എസ് സേനയെ പിൻവലിക്കാൻ പ്രസിഡൻ്റ് ബാധ്യസ്ഥനാണ്. ട്രംപിൻ്റെ സൈനിക നീക്കങ്ങൾ തടയാൻ ഡെമോക്രാറ്റുകൾ നടത്തുന്ന എട്ടാമത്തെ ശ്രമമാണിത്. ഇതൊരു “ഭരണഘടനാ വിരുദ്ധമായ യുദ്ധം” ആണെന്നും, യുദ്ധാധികാരങ്ങളിന്മേൽ ഭരണഘടന നൽകുന്ന ഉത്തരവാദിത്തമാണ് സെനറ്റ് നടപ്പിലാക്കുന്നതെന്നും ഡെമോക്രാറ്റ് സെനറ്റർ ആഡം ഷിഫ് പ്രതികരിച്ചു.