വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിക്കുകയും ഗാസ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ചര്‍ച്ച ചെയ്യുകയും ചെയ്തുവെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
കരാറില്‍ ഏര്‍പ്പെടാന്‍ നെതന്യാഹുവിനെ പ്രോത്സാഹിപ്പിക്കാനാണ് ട്രംപിന്റെ വിളിയെന്ന് ഒരു ഉദ്യോഗസ്ഥന്‍ ആക്സിയോസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ മുന്‍ പ്രസിഡന്റ് നെതന്യാഹുവിനോട് പറഞ്ഞതാണോയെന്ന് തനിക്ക് അറിയില്ലെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഈ അഭിപ്രായത്തിനുള്ള ചോദ്യത്തോട് ട്രംപ് പ്രചാരകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം അവസാനം നെതന്യാഹു യുഎസ് സന്ദര്‍ശിച്ച് പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ്, റിപ്പബ്ലിക്കന്‍ മുന്‍ പ്രസിഡന്റ് ട്രംപ് എന്നിവരെ കണ്ടിരുന്നു. ഈജിപ്ത്, അമേരിക്ക, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ വ്യാഴാഴ്ച ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ പുതിയ ഘട്ടം തുടങ്ങാനിരിക്കെയാണ് ഇത്തരമൊരി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
മെയ് 31 ന് നടത്തിയ ഒരു പ്രസംഗത്തില്‍ ബൈഡന്‍ മൂന്ന് ഘട്ടങ്ങളുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. വാഷിംഗ്ടണും പ്രാദേശിക മധ്യസ്ഥരും ബന്ദികളാക്കാനുള്ള ഗാസ കരാര്‍ ക്രമീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും ആവര്‍ത്തിച്ചുള്ള തടസങ്ങള്‍ നേരിട്ടത് പ്രസിതന്ധി സൃഷ്ടിക്കുകയായിരുന്നു. അതേസമയം ഖത്തറില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന പുതിയ റൗണ്ട് ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഹമാസ് ബുധനാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ മധ്യസ്ഥര്‍ പാലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുമായി കൂടിയാലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചര്‍ച്ചയെക്കുറിച്ച് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗാസയിലെ വെടിനിര്‍ത്തല്‍ മധ്യപൂര്‍വദേശത്ത് ഉയര്‍ന്നുവരുന്ന വിശാലമായ യുദ്ധത്തിന്റെ ഭീഷണി കുറയ്ക്കുമെന്ന് ഇസ്രായേലിന്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയായ വാഷിംഗ്ടണ്‍ വ്യക്തമാക്കി. അടുത്തിടെ ഇറാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയും ബെയ്‌റൂട്ടില്‍ ഹിസ്ബുള്ള സൈനിക കമാന്‍ഡര്‍ ഫുആദ് ഷുക്കറും കൊല്ലപ്പെട്ടതിന് ശേഷം ശക്തമായ യുദ്ധത്തിന് സാധ്യത കൂടുതലാണ്. ഇസ്രയേലിനെതിരെ തിരിച്ചടിക്കുമെന്ന് ഇരുവരും ഭീഷണി മുഴക്കിയിരുന്നു.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിലെ ഏറ്റവും പുതിയ രക്തച്ചൊരിച്ചിലിന് തുടക്കമിട്ടത് ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിനെ ആക്രമിക്കുകയും 1,200 പേരെ കൊല്ലുകയും 250 ഓളം ബന്ദികളാക്കുകയും ചെയ്തതിന് ശേഷമാണ്. ഹമാസ് ഭരിക്കുന്ന എന്‍ക്ലേവില്‍ ഇസ്രയേലിന്റെ തുടര്‍ന്നുള്ള ആക്രമണം ഏകദേശം 40,000 പാലസ്തീനികളെ കൊന്നൊടുക്കിയിരുന്നു. പ്രാദേശിക ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 2.3 ദശലക്ഷത്തോളം വരുന്ന മുഴുവന്‍ ജനങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. ഇത് പട്ടിണി പ്രതിസന്ധി സൃഷ്ടിക്കുകയും ലോക കോടതിയില്‍ വംശഹത്യ ആരോപണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.



