വാഷിംഗ്ഡണ്‍ ഡിസി: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ ശക്തമായ ഭൂകമ്പം. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20നാണ് ഭൂകമ്പമുണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തി. ഹൈലാൻഡ് പാർക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമീപ നഗരങ്ങളായ പാസഡീന, ഗ്ലെന്‍ഡേല്‍ എന്നിവടങ്ങളിലേക്കും ഭൂകമ്പത്തിന്റെ ആഘാതമുണ്ടായതായി ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. സുനാമി മുന്നറിയിപ്പുകളൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല.
ലോസ് ആഞ്ചലസ് അഗ്നിരക്ഷാ സേനയുടെ 106 സ്റ്റേഷനുകള്‍ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിക്കുന്നുണ്ട്. തുടക്കത്തില്‍ 4.7 തീവ്രത വിലയിരുത്തിയ ഭൂകമ്പം പിന്നീട് 4.4 തീവ്രതയുള്ളതാണെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ വിശദമാക്കുന്നു.
കഴിഞ്ഞ ആഴ്ചയിൽ നാലു മുതല്‍ അഞ്ചുവരെ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ കാലിഫോര്‍ണിയയില്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.



