മെഡിക്കൽ കോളജിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധത്തിൽ താനും പങ്കുചേരുമെന്ന് തൃണമൂൽ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖർ റേ. തനിക്കും മകളും കൊച്ചുമകളും ഉണ്ട്. സ്ത്രീകൾക്കെതിരായ ക്രൂരത ഒരുമിച്ച് ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 31 കാരിയായ പിജി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് രാത്രി നടക്കുന്ന പ്രതിഷേധത്തിൽ താനും പങ്കുചേരുമെന്നാണ് തൃണമൂൽ രാജ്യസഭ എംപി വ്യക്തമാക്കിയത്. “ഞാൻ പ്രതിഷേധക്കാർക്കൊപ്പം ചേരും. ദശലക്ഷക്കണക്കിന് ബംഗാളി കുടുംബങ്ങളിലെപ്പോലെ എനിക്കും ഒരു മകളും കൊച്ചുമകളും ഉണ്ട്. നമ്മൾ അവസരത്തിനൊത്ത് ഉയരണം. സ്ത്രീകൾക്കെതിരായ ക്രൂരത മതി. നമുക്ക് ഒരുമിച്ച് ചെറുക്കാം- എന്നാണ് തൃണമൂൽ എംപി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.  സ്വന്തം സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയേക്കുമെന്ന കമന്‍റിനും എംപി മറുപടി നൽകി. തന്‍റെ ഭാവിയെ കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ലെന്നും സ്വാതന്ത്ര്യ സമര സേനാനിയുടെ രക്തമാണ് തന്‍റെ സിരകളിൽ ഒഴുകുന്നതെന്നും എംപി മറുപടി നൽകി. 75 കാരനായ സുഖേന്ദു ശേഖർ റേ 2011 മുതൽ എംപിയാണ്.

ഭൂരിപക്ഷം പേരും തന്‍റെ നിലപാടിനെ പിന്തുണച്ചതായി എംപി പിന്നീട് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ തന്‍റെ നീക്കത്തെ രാഷ്ട്രീയ പ്രേരിതമായി ചിത്രീകരിച്ചത് സുഖേന്ദു ശേഖർ ചോദ്യംചെയ്തു. പ്രതിഷേധക്കാരുടെ കൂടെ ചേർന്ന് ഒത്തുതീർപ്പിന് ശ്രമിക്കുകയാണ് എന്നാണ് ബിജെപിയുടെ ആരോപണം. 

“ആദ്യം അപർണ സെൻ, ഇപ്പോൾ സുഖേന്ദു. മമത ബാനർജിയുടെ പഴയ തന്ത്രമാണിത്. പ്രതിഷേധക്കാരെ കൂട്ടുപിടിച്ച് പ്രതിഷേധം ഒത്തുതീർപ്പാക്കാനുള്ള നീക്കം. ഡോക്ടർക്ക് നീതി തേടുന്നവർ ഒരു തൃണമൂൽ നേതാവിനെ പോലും അടുപ്പിക്കരുത്” എന്നാണ് അമിത് മാളവ്യ പറഞ്ഞത്.