ട്രാന്‍സ്ജെന്‍ഡര്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് അനുമതി നല്‍കി സുപ്രീം കോടതി. ഇതോടെ, നിലവിലുള്ള ആയിരക്കണക്കിന് ട്രാന്‍സ്ജെന്‍ഡര്‍ സൈനിക ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും പുതിയ റിക്രൂട്ട്മെന്റുകള്‍ തടയാനും സായുധ സേനയ്ക്കാകും.
ട്രാന്‍സ്‌ജെന്‍ഡര്‍മാരെ രാജ്യത്തിന്റെ സൈനിക സേവനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് അമേരിക്കന്‍ ട്രംപ് ജനുവരി അവസാനം ഉത്തരവിട്ടിരുന്നു. അമേരിക്കയില്‍ ഇനി ആണും പെണ്ണും മാത്രമേയുള്ളൂവെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 15,500 ട്രാന്‍സ് വ്യക്തികളാണ് അമേരിക്കന്‍ സൈന്യത്തിലുണ്ടായിരുന്നത്. വനിതകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്‍പ്പെട്ടവരെ ഒഴിവാക്കിയും ട്രംപ് വിവാദമുണ്ടാക്കിയിരുന്നു.
ട്രംപിന്റെ നിരോധനം താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ഒരു കീഴ്ക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് സ്റ്റേചെയ്താണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് വന്നത്.



