കൊച്ചി: ആലുവയില്‍ ട്രെയിന്‍ യാത്രക്കാരനെ ഓടുന്ന ട്രെയിനില്‍ നിന്ന് മുഖത്തിടിച്ച് പുറത്തേക്ക് തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയും കൂട്ടാളിയും പിടിയില്‍. കൊല്ലം സ്വദേശി സുകേഷും സഹായി എബിയുമാണ് അറസ്റ്റിലായത്. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. അങ്കമാലി കൊരട്ടി സ്വദേശി സുനില്‍ കുമാറിനാണ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്
സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റല്‍ തെളിവുകളോ സാക്ഷികളോ ഇല്ലാത്ത കുറ്റകൃത്യം. റെയില്‍ വേ പൊലീസിന്‍റെയും ആര്‍ പി എഫിന്‍റെയും സംയുക്തമായ പരിശ്രമത്തിനൊടുവില്‍ രണ്ടാഴ്ച ശേഷമാണ് പ്രതികള്‍ പിടിയിലാവുന്നത്. സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ചാര്‍ലിയെന്ന് വിളിക്കുന്ന സുകേഷിലേക്കും സഹായി എബിയിലേക്കുമെത്തിയത്
ഏപ്രില്‍ ആറിന് രാത്രിയോടെ ജോലി കഴിഞ്ഞ് ട്രെയിനില്‍ അങ്കമാലി കൊരട്ടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ആക്രമണത്തിന് ഇരയായ സുനില്‍ കുമാര്‍. ഓടുന്ന ട്രെയിനില്‍ വാതിലിനടുത്ത് നിന്ന സുനില്‍ കുമാറിനരികിലേക്ക് വന്ന സുകേഷ് മാലയില്‍ പിടിചുവലിച്ചു. സുനില്‍ കുമാര്‍ എതിര്‍ത്തതോടെ മൂക്കിലിടിച്ചു. ഇതോടെ രണ്ടുപേരും ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണു. സുനില്‍ കുമാറിന്‍റെ 1.5 പവന്‍റെ മാലയും രണ്ട് മൊബൈല്‍ ഫോണുകളുമായി ട്രാക്കിലൂടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.



