വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ച ഡോണള്‍ഡ് ട്രംപിനെതിരെ കനേഡിയന്‍ ഗായിക സെലിന്‍ ഡിയോണ്‍. മൊണ്ടാനയിലായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലി നടത്തിയത്. അഞ്ച് തവണ ഗ്രാമി ജേതാവായ ഡിയോണിന്റെ ഏറ്റവും അറിയപ്പെടുന്ന ഗാനങ്ങളില്‍ ഒന്നാണ് മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍.

ടൈറ്റാനിക് എന്ന സിനിമയിലെ മൈ ഹേര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന ഗാനമാണ് ട്രംപ് തിരഞ്ഞടുപ്പ് പ്രചാരണ പരിപാടിയില്‍ ഉപയോഗിച്ചത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്ന് എക്‌സിലെഴുതിയ കുറിപ്പില്‍ സെലിന്‍ ഡിയോണ്‍ പറഞ്ഞു. ഡിയോണിന് പിന്തുണയുമായി നിരവധി പേര്‍ എത്തി.

നീല്‍ യംഗ്, ക്വീന്‍, റോളിംഗ് സ്റ്റോണ്‍സ് എന്നിവരുള്‍പ്പെടെയുള്ള കലാകാരന്മാരും ബാന്‍ഡുകളും ട്രംപ് പ്രചാരണ റാലികളില്‍ തങ്ങളുടെ പാട്ടുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. അതേസമയം വിവാദങ്ങളോട് ട്രംപിന്റെ പ്രചാരണ വിഭാഗം പ്രതികരിച്ചിട്ടില്ല.
ലോകത്തെ തന്നെ ശ്രദ്ധേയ സിനിമകളില്‍ ഒന്നാണ് ടൈറ്റാനിക്.

പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടാന്‍ ഡിയോണും പാടിയിരുന്നു. 2022ല്‍ പേശികളെ ബാധിക്കുന്ന സ്റ്റിഫ് പേഴ്സണ്‍ സിന്‍ഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തിയതിന് ശേഷമുള്ള താരത്തിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു പാരിസിലേത്. ഇതിന് പിന്നാലെയാണ് ഡിയോണ്‍ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടം നേടുന്നത്.