ചെന്നൈ:ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശില്‍പിയായതിനൊപ്പം ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യയുടെ തിലക് വര്‍മ. ടി20 ക്രിക്കറ്റില്‍ ഐസിസി പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങളിലെ താരങ്ങളില്‍ പുറത്താകാതെ 300ലേറെ റണ്‍സടിക്കുന്ന ആദ്യ കളിക്കാരനെന്ന റെക്കോര്‍ഡാണ് തിലക് സ്വന്തമാക്കിയത്.
അവസാനം കളിച്ച നാലു മത്സരങ്ങളില്‍ തിലകിനെ പുറത്താക്കാന്‍ എതിരാളികള്‍ക്കായിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരെ 56 പന്തില്‍ 107*, 47 പന്തില്‍ 107*,19*, ഇംഗ്ലണ്ടിനെതിരെ 72* എന്നിങ്ങനെയാണ് തിലകിന്‍റെ ബാറ്റിംഗ്. നാല് ഇന്നിംഗ്സിലുമായി പുറത്താകാതെ 318 റണ്‍സാണ് തിലക് അടിച്ചെടുത്തത്. ന്യൂസിലന്‍ഡിന്‍റെ മാര്‍ക് ചാപ്മാന്‍ പുറത്താകാതെ നേടിയ 271റൺസിന്‍റെ റെക്കോര്‍ഡാണ് തിലക് ഇന്നലെ മറികടന്നത്.
65*, 16*, 71*, 104*, 15 എന്നിങ്ങനെ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്നായി ആണ് മാര്‍ക്ക് ചാപ്മാന്‍ 271 റണ്‍സടിച്ചത്. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്(68*, 172), ഇന്ത്യയുടെ ശ്രേയസ് അയ്യര്‍(57*, 74*, 73*, 36), ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍(100*, 60*, 57*, 2*, 20) എന്നിവരും ഇന്നലെ തിലകിന്‍റെ വെടിക്കെട്ടില്‍ പിന്നിലായി.
ഇതിന് പുറമെ ടി20 ക്രിക്കറ്റിലെ തുടര്‍ച്ചയായി നാല് ഇന്നിംഗ്സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോലിയുടെ റെക്കോര്‍ഡും ഇന്നലെ തിലക് മറികടന്നു. 2014-2015ല്‍ കളിച്ച നാല് ഇന്നിംഗ്സുകളില്‍ (72*, 77, 66, 43) 258 റൺസടിച്ച കോലിയുടെ പ്രകടനമാണ് തിലക് ഇന്നലെ മറികടന്നത്. കോലിക്ക് പുറമെ സഞ്ജു സാംസണ്‍(257), രോഹിത് ശര്‍(253), ശിഖര്‍ ധവാന്‍(252) എന്നിവരും തിലകിന്‍റെ റണ്‍വേട്ടയില്‍ പിന്നിലായി.
ചെന്നൈയില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 165 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 19.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 72 റണ്‍സുമായി പുറത്താകാതെ നിന്ന തിലകിന് പുറമെ വാഷിംഗ്ടണ്‍ സുന്ദറും(19 പന്തില്‍ 26) ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. ഇരുവരും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു 78-5 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചത്.