ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലേക്ക് പോയ യാത്രക്കാരിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചതായി പരാതി. ഹുബ്ബള്ളി സ്വദേശിയായ യാത്രക്കാരിയുടെ ഒരു കോടി രൂപയുടെ സ്വ‍ർണവും ഡയമണ്ടുമാണ് ലഗേജ് ബാഗിൽ നിന്ന് നഷ്ടപ്പെട്ടത്. യാത്രക്കാരിയുടെ പരാതിയിൽ എയർപോർട്ട് പൊലീസ് കേസെടുത്തു.

ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ നിന്ന് അബുദാബി വഴി അമേരിക്കയിലേക്ക് പോയ യാത്രക്കാരിക്കാണ് സ്വർണവും ഡയമണ്ടും നഷ്ടപ്പെട്ടത്. 790 ഗ്രാം സ്വ‍ർണവും 8 ലക്ഷം രൂപ വില വരുന്ന ഡയമണ്ടും നഷ്ടപ്പെട്ടെന്ന് കാട്ടി ഹുബ്ബള്ളി സ്വദേശിയായ യാത്രക്കാരി ശാന്ത രമേഷ് എയർപോർട്ട് പൊലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത എയർപോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ മകനൊപ്പം സ്ഥിര താമസമാക്കിയ ശാന്ത, നവംബർ 15നാണ് ബെംഗളൂരുവിൽ നിന്ന് വിമാനം കയറിയത്.

ചെക്ക് ഇൻ സമയത്ത് ലഗേജ് ബാഗിനകത്ത് ഉണ്ടായിരുന്ന സ്വർണവും ഡയമണ്ടും ഉദ്യോഗസ്ഥരെ കാട്ടി ബോധ്യപ്പെടുത്തിയ ശേഷം ടാഗ് ചെയ്തിരുന്നുവെന്ന് ശാന്ത പൊലീസിനെ അറിയിച്ചു. ആകാശ എയറിലായിരുന്നു യാത്ര. അബുദാബിയിലെത്തി പരിശോധിച്ചപ്പോഴാണ് ബാഗിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടത് അറിഞ്ഞത് എന്നും ഇവർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.