ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച പ്രതി ബി.ജെ.പി സ്ഥാനാർത്ഥി പിടിയിൽ. നെന്മാറ പഞ്ചായത്തിലെ 17 ആം വാർഡ് ബി.ജെ.പി. സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്. കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ ക്ഷേത്രത്തിൽ മോഷണം നടത്തിയതിനാണ് ഇവരെ നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്.

കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നനിലയിൽ കണ്ടെത്തിയത്. തുടർന്ന്, നെന്മാറ പോലീസിൽ പരാതി നൽകി.

നിരീക്ഷണക്യാമറകൾ പരിശോധിച്ചതിൽനിന്നാണ് പ്രഭാവതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 2020-ൽ തദ്ദേശതിരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപ്പഞ്ചായത്തിലേക്ക് 17-ാം വാർഡിൽനിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച പ്രഭാവതി മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.