തൊടുപുഴ: സംസ്ഥാനത്ത് പോത്തിറച്ചി ക്ഷാമം രൂക്ഷമാകുന്നു. കശാപ്പിനുള്ള ഉരുക്കളെ ആവശ്യത്തിനു ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നാണ് കശാപ്പിനുള്ള പോത്തുകളെ കേരളത്തിലേക്ക് എത്തിക്കുന്നത്.
പോത്തിറച്ചി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ആന്ധ്രപ്രദേശിലെ സ്വകാര്യ കമ്പനികള്‍ കൂടിയ വിലയ്ക്ക് ഉരുക്കളെ വാങ്ങാന്‍ തുടങ്ങിയതാണ് മലയാളികള്‍ക്ക് വിനയായത്. ഇതേത്തുടര്‍ന്ന് ആന്ധ്രപ്രദേശില്‍നിന്ന് ഇവിടേക്ക് ഉരുക്കളെ കൊണ്ടുവരുന്നത് ഗണ്യമായി കുറയുകയായിരുന്നു.
നേരത്തേ കയറ്റുമതി സ്ഥാപനങ്ങളില്‍ കിലോയ്ക്ക് 220 രൂപയ്ക്കാണ് ഇടനിലക്കാരില്‍നിന്ന് ഉരുക്കളെ വാങ്ങിയിരുന്നതെങ്കില്‍ രണ്ടുമാസം മുമ്പ് വില 310 രൂപയായി ഉയര്‍ത്തി. ഇതോടെ കേരളത്തിലേക്കുള്ള ലോഡ് നാമമാത്രമായി ചുരുങ്ങി. ഇവിടേക്ക് ഉരുക്കളെ കൊണ്ടുവരണമെങ്കില്‍ യാത്രാചെലവ് ഉള്‍പ്പെടെ വലിയ തുക ചെലവാകുന്നുണ്ട്.
കൊണ്ടുവരുന്ന ഉരുക്കള്‍ യാത്രാമധ്യേ ചത്തുപോകുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. അങ്ങനെവന്നാല്‍ ഇവര്‍ക്ക് നഷ്ടം വീണ്ടും വര്‍ധിക്കും. അതിനാല്‍ കൂടിയ വിലയ്ക്ക് അവിടെ തന്നെ വിറ്റഴിക്കാനുള്ള അവസരം കൈവന്നതോടെ കച്ചവടക്കാര്‍ കൂടുതല്‍പേരും അവിടെ വില്‍ക്കുകയാണ്.
സംസ്ഥാനത്ത് കുഴല്‍മന്ദം, നെല്ലിമോളം, വാണിയംകുളം, പെരുമ്പിലാവ് എന്നീ മാര്‍ക്കറ്റുകളിലാണ് പ്രധാനമായും ഉരുക്കളുടെ കച്ചവടം നടക്കുന്നത്.
നിലവിലെ സ്ഥിതിയില്‍ വില വര്‍ധിപ്പിച്ച് നല്കിയാല് പോലും ആവശ്യത്തിന് ഉരുക്കളെ ലഭിക്കാത്ത സാഹചര്യമാണെന്ന് കോള്‍ഡ് സ്റ്റോറേജ് ഉടമകള്‍ പറഞ്ഞു.
ഉരുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ നിലവിലെ വിലയ്ക്ക് മാംസം വിറ്റഴിച്ചാല്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാനാവാത്ത സാഹചര്യമാണെന്നും വ്യാപാരികളും പറയുന്നു.പോത്തിറച്ചിക്ക് ക്ഷാമം നേരിട്ടുതുടങ്ങിയതോടെ സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വിലയും ഉയരുകയാണ്.
ഇന്നലെ തൊടുപുഴയില്‍ ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 170 രൂപയായിരുന്നു വില. സമീപ ദിവസം വരെ 140-145 തോതിലായിരുന്ന വിലയാണ് പെട്ടെന്ന് കുതിച്ചുയര്‍ന്നത്. കടുത്ത വേനല്‍ചൂടില്‍ നിരവധി ഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തുപോയിരുന്നു.
ഉപഭോഗത്തിലുണ്ടായ വര്‍ധന അനുസരിച്ച് വിപണയില്‍ ഇറച്ചിക്കോഴി ലഭിക്കാത്ത സാഹചര്യവും വില ഉയരാന്‍ കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് ആഴ്ചയില്‍ 1.50 ലക്ഷം കിലോ കോഴിയിറച്ചിയെങ്കിലും വേണ്ടിവരുന്നുണ്ടെന്നാണ് കണക്ക്. സമീപകാലയളവില്‍ കോഴിയിറച്ചിവിഭവങ്ങള്ക്കുണ്ടായ ഡിമാൻഡ് വീണ്ടും വില വര്‍ധിക്കാന്‍ കാരണമായേക്കും.



