തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ. ജനങ്ങൾ നൽകിയ വിധി വലിയൊരു ഉത്തരവാദിത്വമാണ്. അതനുസരിച്ച് പ്രവർത്തിക്കണമെന്നും പിണറായി വിജയൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
തമിഴ്നാട്ടിലെ ജനങ്ങൾ വിജയിയിൽ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളവും തമിഴ്നാടും ദീർഘകാലമായുള്ള സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണ്.
ഈ ബന്ധം വരും കാലങ്ങളിലും ശക്തമായി തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.



