തിരുച്ചിറപ്പള്ളി: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്നും രാജിവെച്ചു. തമിഴ്നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച വിജയ് പെരമ്പൂർ നിലനിർത്തിക്കൊണ്ട് തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിയാൻ തീരുമാനിച്ചത്.
ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹം കോട്ട സെന്റ് ജോർജ് സമുച്ചയത്തിലെ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ് വൈകാരികമായ പ്രസംഗമാണ് നടത്തിയത്. തന്റെ സർക്കാർ തമിഴ്നാട്ടിൽ “യഥാർത്ഥ മതേതര, സാമൂഹ്യനീതി” യുഗത്തിന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
“സാധാരണക്കാരുടെ മനസ്സ് എന്താണെന്നും അവരുടെ ജീവിതം എങ്ങനെയുള്ളതാണെന്നും എനിക്ക് നന്നായി അറിയാം. ഒരു സാധാരണ അസിസ്റ്റന്റ് ഡയറക്ടറുടെ മകനായാണ് ഞാൻ ജനിച്ചത്. മന്ന കുടുംബത്തിൽ നിന്നല്ല ഞാൻ വരുന്നത്. നിങ്ങളുടെ മകനായോ സഹോദരനായോ ആണ് ഞാൻ എന്നെ കാണുന്നത്. നിങ്ങൾ എന്നെ അങ്ങനെ കണ്ടതുകൊണ്ടാണ് സിനിമയിൽ എനിക്ക് ഇത്രയും വലിയ സ്ഥാനം നൽകിയത്.” – വിജയ് പറഞ്ഞു.
അപ്രായോഗികമായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കില്ലെന്ന് വിജയ് വ്യക്തമാക്കി. താൻ ഒരു പ്രവാചകനോ ദൈവദൂതനോ അല്ലെന്നും ഒരു സാധാരണ മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ കാര്യങ്ങൾ മാത്രമേ താൻ വാഗ്ദാനം ചെയ്യൂവെന്നും വിജയ് വ്യക്തമാക്കി.കോടിക്കണക്കിന് ആളുകൾ ഒപ്പമുള്ളപ്പോൾ ഏത് അസാധ്യമായ കാര്യത്തെയും നേരിടാൻ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.



