നാടിനെ നടുക്കിയ മരണമാണ് താമരശേരിയിൽ ഉണ്ടായത്. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ തമ്മിൽ തല്ല് കലാശിച്ചത് അടുത്ത ആഴ്ച എസ്. എസ്. എൽ. സി പരീക്ഷ എഴുതാനിരുന്ന മുഹമ്മദ് ഷഹബാസ് എന്ന് പതിനാറുകാരൻ്റെ മരണത്തിലാണ്. രണ്ട് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ പോർവിളിയും സംഘർഷവുമാണ് ഒരു ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്. 

ഇൻസ്റ്റാഗ്രാമിൽ ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് വിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്തത്. ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥികളുടെ സാമൂഹിക മാധ്യമ സന്ദേശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആക്രണമത്തിന് ശേഷം നടന്ന ഞെട്ടിപ്പിക്കുന്ന ചാറ്റുകളാണ് ആണ് പുറത്ത് വന്നത്.

ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും അവന്‍റെ കണ്ണ് ഇപ്പോള്‍ ഇല്ലെന്നും സംഘർഷത്തിന് ശേഷം അക്രമിച്ച ഒരു വിദ്യാർത്ഥികള്‍ ചാറ്റില്‍ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ചാല്‍ പോലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിലുണ്ട്.