വാഹനസുരക്ഷയുടെ പര്യായമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന വാഹനങ്ങളാണ് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയിൽനിന്ന് എത്തിയിരുന്നത്. മറ്റ് പല കമ്പനികളുടെയും ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ ടെസ്‌ല മോഡലുകളുടെ ജനപ്രീതി കുറഞ്ഞിട്ടുണ്ടെങ്കിലും ഈ വാഹനങ്ങൾ ഉറപ്പാക്കുന്ന സുരക്ഷയിൽ ഒരു തരിമ്പ് പോലും വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നാണ് സമീപകാല സംഭവങ്ങൾ ചൂണ്ടികാണിക്കുന്നത്.

ടെസ്‌ല ഉറപ്പാക്കുന്ന സുരക്ഷയുടെ ഏറ്റവും പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്ന ഇസ്രയേലിൽനിന്നാണ്. ടെസ്‌ലയുടെ മോഡൽ വൈ എന്ന എസ്‌യുവിക്ക് മുകളിൽ റോക്കറ്റിന്റെ ഭാഗങ്ങൾ വീണതിനെ തുടർന്നുള്ള സംഭവങ്ങളാണ് ടെസ്‌ലയുടെ നിർമാണ മികവിന് പ്രശംസ നേടി കൊടുത്തിരിക്കുന്നത്. വാഹന ഉടമ തന്നെ ടെസ്‌ലയുടെ മേധാവിക്കും ടീം അംഗങ്ങൾക്കും നന്ദി അറിയിച്ച് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചതോടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്.

മാർച്ച് 30-ന് ഇസ്രയേലിലെ നെതന്യയിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തെ തുടർന്ന് റോക്കറ്റ് അവശിഷ്ടമെന്ന് കരുതുന്ന വലിയ ഒരു ഭാഗം എന്റെ 2024 മോഡൽ ടെസ്‌ല മോഡൽ വൈ വാഹനത്തിന് മുകളിൽ പതിച്ചു. ഗ്ലാസ് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള റൂഫിന് മുകളിലാണ് ഇത് വീണത്. ഇതോടെ റൂഫിൽ ഒരു കുഴി പോലെയുണ്ടായെങ്കിലും ചില്ല് തകർക്കാൻ അതിന് കഴിഞ്ഞില്ലെന്നാണ് വാഹന ഉടമ പങ്കുവെച്ച കുറിപ്പിൽ പറയുന്നതിൽ.

ടെസ്‌ലയെന്നത് കേവലമൊരു കാർ മാത്രമല്ലെന്ന ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഏത് അപകടകരമായ സാഹചര്യത്തിലും ടെസ്‌ല ഉറപ്പാക്കുന്ന വിശ്വാസ്യതയും സുരക്ഷയും വളരെ വലുതാണ്. ഭീകരമായ അപകടത്തിൽ നിന്ന് എന്നെ രക്ഷിച്ച ദൈവത്തിനോട് നന്ദി പറയുന്നു. ഇതിനൊപ്പം ഇത്രയും മികച്ച വാഹനം നിർമിച്ച ഇലോൺ മസ്‌കിനോടും ടെസ്‌ല ടീമിനോടും നന്ദി അറിയിക്കുന്നുവെന്നും കുറിപ്പിലുണ്ട്. ചിത്രങ്ങൾ ഉൾപ്പെടെയാണ് ഈ കുറിപ്പ്.

നിർമാണ മികവിൽ മുൻപന്തിയിൽ നിൽക്കുന്ന വാഹനമാണ് ടെസ്‌ല മോഡൽ വൈ. ഏത് അപകടത്തെയും തരണം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. കരുത്തുറ്റ ഗ്ലാസ് റൂഫിനൊപ്പം ഗിഗാ കാസ്റ്റ് ബോഡിയിലുമാണ് ടെസ്‌ലയുടെ വാഹനങ്ങൾ നിർമിച്ചിരിക്കുന്നത്. സുരക്ഷയ്ക്ക് ഏറ്റവും പ്രാധാന്യം നൽകി എത്തുന്ന മോഡൽ വൈ എന്ന വാഹനമാണ് ടെസ്‌ല ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളതും.