ന്യൂഡൽഹി: ഏപ്രിൽ 22-ന് പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ ഇപ്പോഴും ഇതേ പ്രദേശത്ത് തന്നെയുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). 26 പേരുടെ ജീവനെടുത്ത ഭീകരർക്കായി സൈന്യവും ലോക്കൽ പോലീസ് ഉൾപ്പെടെയുള്ളവരും പ്രദേശം അരിച്ചുപെറുക്കുന്നതിനിടെയാണ് അവർ പ്രദേശത്ത് തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്ന എൻഐഎയുടെ വെളിപ്പെടുത്തൽ വരുന്നത്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒളിവിൽ കഴിയാൻ ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങൾ ഭീകരരുടെ പക്കൽ ഉണ്ടാകാമെന്നും അതിനാൽ തന്നെ ഇവർ പ്രദേശത്തെ ഇടതൂർന്ന വനങ്ങളിൽ ഒളിച്ചിരിക്കുകയായിരിക്കുമെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. ഇക്കാരണത്താലാണ് ഇവരെ കണ്ടെത്താൻ സാധിക്കാത്തതെന്നും ഏജൻസി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സംഭവത്തിന്റെ അന്വേഷണം എൻഐഎക്കാണ്.

അതേസമയം, ആക്രമണം നടന്ന ബൈസാരൻ താഴ്വരയിൽ സംഭവത്തിന് 48 മണിക്കൂർ മുമ്പെങ്കിലും തീവ്രവാദികൾ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തീവ്രവാദികളുടെ പക്കൽ നൂതന ആശയവിനിമയ ഉപകരണങ്ങൾ ഉണ്ടായിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. സിം കാർഡുകൾ ആവശ്യമില്ലാത്ത ഉപകരണങ്ങളാണ് ഇവർ ഉപയോഗിച്ചിരുന്നത്. എൻക്രിപ്റ്റ് ചെയ്ത ഉകരണങ്ങളാകാം ഇതെന്നും ഇത് ട്രാക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും റിപ്പോർട്ടിലുണ്ട്. മൂന്ന് സാറ്റലൈറ്റ് ഫോണുകളും തീവ്രവാദികൾ ഉപയോഗിച്ചതായി കരുതുന്നു.