ന്യൂയോര്‍ക്ക്: കൗമാരക്കാരന്റെ മൃതദേഹം കംഫര്‍ട്ടറില്‍ പൊതിഞ്ഞ് കണക്റ്റിക്കട്ട് ഹൈവേയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. എഡ്ഗര്‍ ജോസു ചിചെ മാര്‍ട്ടിന്‍ എന്ന 18 കാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട്  കുറ്റം ചുമത്തപ്പെട്ട രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു.

ശനിയാഴ്ച രാവിലെ കണക്റ്റിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡിലെ 80 പോപ്പ് പാര്‍ക്ക് ഹൈവേയുടെ വശത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഹാര്‍ട്ട്‌ഫോര്‍ഡ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. രണ്ട് തവണ വെടിയേറ്റതാണ് കൗമാരക്കാരന്റെ മരണകാരണം. മൃതദേഹം കണ്ടെത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് തന്നെ ഹൈവേയില്‍ മൃതദേഹം വലിച്ചെറിഞ്ഞതായും മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് അറിയിച്ചു.

ഇരയുടെ ബന്ധുക്കളായ രണ്ട് പേര്, പ്രായം കാരണം പേര് വെളിപ്പെടുത്താത്ത 17 വയസ്സുകാരനും, സെന്‍ഡര്‍ സോട്ടോ-വെലിസ്, 21-ഉം – അറസ്റ്റിലായതായി ഹാര്‍ട്ട്‌ഫോര്‍ഡ് പൊലീസ് ദി ഇന്‍ഡിപെന്‍ഡന്റിനോട് പറഞ്ഞു. പതിനേഴുകാരനെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം സോട്ടോ-വെലിസിനെതിരെ രണ്ടാം ഡിഗ്രി കുറ്റം, നിയമം തടസപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നിവയ്ക്കാണ് കേസേ എടുത്തിരിക്കുന്നത്. രണ്ട് പ്രതികളും ഇരയും കെനി പാര്‍ക്കിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍ ഒരുമിച്ച് താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു.