വിജയവാഡ: ടെക്കി യുവതിയെ കബളിപ്പിച്ച് രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ യുവതിയുടെ സുഹൃത്തിന്റെ ഭർത്താവ് അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ നീനാവത് ദേവനായകിനെയാണ് ഈസ്റ്റ് ഗോദാവരി സ്വദേശിയായ യുവതിയുടെ പരാതിയിൽ പോലീസ് പിടികൂടിയത്. യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും വിദേശത്ത് ജോലി വാഗ്ദാനംചെയ്തുമാണ് പ്രതി പലതവണകളായി പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ ഭാര്യയും ഐ.ടി. കമ്പനിയിലെ ജീവനക്കാരിയായ പരാതിക്കാരിയും ഹൈദരാബാദിലെ ഹോസ്റ്റലിൽ നേരത്തെ ഒരുമിച്ച് താമസിച്ചിരുന്നു. ഈ സമയത്താണ് സുഹൃത്തിന്റെ ഭർത്താവായ പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടത്. ടെക്കി യുവതി സമ്പന്നകുടുംബാംഗമാണെന്ന് മനസിലായതോടെ ഇവരിൽനിന്ന് പണം തട്ടിയെടുക്കാനായി പ്രതി പദ്ധതികൾ ആസൂത്രണംചെയ്യുകയായിരുന്നു.
യുവതിയുടെ നഗ്നദൃശ്യങ്ങൾ കൈവശമുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ദേവനായക് ആദ്യം യുവതിയിൽനിന്ന് പണം തട്ടിയത്. പ്രതിയുടെ നിർദേശപ്രകാരം ഇയാളുടെ സുഹൃത്താണ് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരിയെ ഫോണിൽ വിളിച്ചത്. ഇതോടെ പരാതിക്കാരി ദേവനായകിന്റെ സഹായംതേടി. തുടർന്ന് പ്രതിതന്നെ ഇടനിലക്കാരനായി അഭിനയിച്ച് യുവതിയിൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.
നഗ്നദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ അഞ്ചുകോടി രൂപയാണ് ഫോൺ വിളിച്ചയാൾ ആവശ്യപ്പെട്ടതെന്നും താൻ ഇത് രണ്ടുകോടിയാക്കി കുറച്ചിട്ടുണ്ടെന്നുമാണ് പ്രതി യുവതിയോട് പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച പരാതിക്കാരി മൂന്നുതവണയായി ഏകദേശം ഒരുകോടി രൂപയോളം നൽകി. തുടർന്ന് പണം ലഭിച്ചതോടെ ഭീഷണിപ്പെടുത്തിയ വ്യക്തി നഗ്നദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡുകളെല്ലാം നശിപ്പിച്ചതായി പ്രതി യുവതിയെ വിശ്വസിപ്പിച്ചു. ഇതിന്റെപേരിൽ 50 ലക്ഷം രൂപ കൂടി പ്രതി കൈക്കലാക്കി.
പിന്നീട് ഗുണ്ടൂർ ബോയ്സ് ഹോസ്റ്റൽ ആരംഭിക്കാമെന്ന് പറഞ്ഞ് ടെക്കി യുവതിയിൽനിന്ന് 50 ലക്ഷം രൂപയും ദേവനായക് കൈക്കലാക്കിയിരുന്നു. ഇതിനുപുറമേ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷം കൂടി തട്ടിയെടുത്തു. അടുത്തിടെ പ്രതി വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗ്നദൃശ്യങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തിയത് പ്രതിയുടെ തിരക്കഥയാണെന്ന് വ്യക്തമായത്. പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയുടെ സുഹൃത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദേവനായകിന്റെ ഭാര്യയ്ക്ക് തട്ടിപ്പിൽ പങ്കുണ്ടോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്.



