ആത്മഹത്യയുമായി ബന്ധപ്പെട്ട് ടെക്കി അതുൽ സുഭാഷിൻ്റെ വേർപിരിഞ്ഞ ഭാര്യയെയും അമ്മയെയും സഹോദരനെയും ബെംഗളൂരു പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. 34 കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയറായ സുഭാഷ് തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ഭാര്യയും കുടുംബവും തന്നെ വേട്ടയാടിയെന്ന് ആരോപിച്ച് 24 പേജുള്ള കുറിപ്പും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ആത്മഹത്യ ചെയ്തത് .
സുഭാഷിൻ്റെ ഭാര്യ നികിത സിംഘാനിയയെ ഗുരുഗ്രാമിലും അമ്മ നിഷ സിംഘാനിയയെയും സഹോദരൻ അനുരാഗ് സിംഘാനിയയെയും ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. നികിതയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ ബെംഗളൂരു സിറ്റി പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.
പ്രതികൾ നേരത്തെ അലഹബാദ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയിരുന്നു. മൂന്ന് ദിവസത്തിനകം നികിത ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച പുറപ്പെടുവിച്ച പോലീസ് സമൻസുകളെ തുടർന്ന് നികിത, അവളുടെ അമ്മ, സഹോദരൻ, അമ്മാവൻ സുശീൽ സിംഗാനിയ എന്നിവർ അപേക്ഷകൾ സമർപ്പിച്ചു.



