ചെങ്ങന്നൂർ: മാലദ്വീപിൽ വിദ്യാർഥിയുടെ ക്രൂരമായ മർദനത്തിനിരയായ അധ്യാപിക സ്മിത എൻ. പിള്ളയെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ നാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ പൂർത്തിയായി വരികയാണെന്നും അടുത്ത ആഴ്ച ആദ്യത്തോടെ സ്മിതയെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭർത്താവ് ദീപക് ശശി പറഞ്ഞു.
നിലവിൽ മാലദ്വീപിൽ വേദന സംഹാരികൾ മാത്രമാണ് നൽകുന്നത്. മൂക്കിന്റെ എല്ലിന് ഗുരുതരമായി പൊട്ടലേറ്റ സ്മിതയുടെ ശസ്ത്രക്രിയ നാട്ടിലെത്തിയ ശേഷം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
സംഭവം നടന്നിട്ടും സ്കൂൾ അധികൃതർ വിവരം കുടുംബത്തെ ഔദ്യോഗികമായി അറിയിക്കാത്തതിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം സ്കൂൾ പ്രിൻസിപ്പലുമായി സംസാരിച്ചപ്പോഴാണ് വിവരങ്ങൾ വ്യക്തമായത്. അതേസമയം, ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ഇടപെടലിനെത്തുടർന്ന് മാലദ്വീപ് വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നിലവിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും തുടർ നടപടികൾ ഹൈക്കമ്മീഷണറുടെ മേൽനോട്ടത്തിൽ നടക്കുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.
മാലദ്വീപിലെ ഗാഫ് ധാൽ അറ്റോൾ സ്കൂളിലെ ലാബിലിരുന്ന് വിദ്യാർഥി സ്ഥിരമായി മൊബൈൽ ഗെയിം കളിക്കുന്നത് വിലക്കിയതാണ് അക്രമത്തിന് കാരണം. വീഡിയോ എടുത്ത് പ്രിൻസിപ്പലിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രകോപിതനായ വിദ്യാർഥി സ്മിതയുടെ ഫോൺ തട്ടിപ്പറിച്ചെറിയുകയും മുഖത്ത് പലതവണ ഇടിക്കുകയുമായിരുന്നു. തലയുടെ പിൻഭാഗത്തും മർദനമേറ്റു. മറ്റ് അധ്യാപകർ ഓടിയെത്തിയാണ് വിദ്യാർഥിയുടെ കൈയിൽ നിന്നും സ്മിതയെ രക്ഷപ്പെടുത്തിയത്.
ഈ മാസം 30-ന് ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണ് ഈ ദുരനുഭവം ഉണ്ടായത്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ വീട്ടിൽ ദീപക് ശശിയുടെ ഭാര്യയാണ് സ്മിത എൻ. പിള്ള.



