15 ശതമാനം ആഗോള താരിഫ് വർധിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇന്ത്യൻ വംശജനായ അമേരിക്കൻ അഭിഭാഷകൻ നീൽ കത്യാൽ. വ്യാപകമായ താരിഫുകൾ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അല്ല, കോൺഗ്രസിന്റെ അനുമതിയോടെയാണ് ഏർപ്പെടുത്തേണ്ടതെന്നു കത്യാൽ അഭിപ്രായപ്പെട്ടു. ട്രംപിന്റെ താരിഫുകൾ റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിയിലേക്ക് നയിച്ച നിയമ പോരാട്ടത്തിന് നേതൃത്വം നൽകിയവരിലൊരാളാണ് കത്യാൽ.

എക്‌സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പിൽ, 1974ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 122 അടിസ്ഥാനമാക്കി 15 ശതമാനം താരിഫ് ന്യായീകരിക്കാൻ ശ്രമിക്കുന്നത് നിയമപരമായി സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് യുഎസ് നീതിന്യായ വകുപ്പ് കോടതിയിൽ ഉന്നയിച്ച വാദങ്ങൾക്കു വിരുദ്ധമാണിതെന്നും കത്യാൽ ചൂണ്ടിക്കാട്ടി.

“15 ശതമാനം നിയമ വ്യവസ്ഥ (സെക്‌ഷൻ 122) ആശ്രയിക്കുന്നത് പ്രസിഡന്റിന് ബുദ്ധിമുട്ടായിരിക്കും. കാരണം, ഞങ്ങളുടെ കേസിൽ അദ്ദേഹത്തിന്റെ ഡിഒജെ കോടതിയിൽ ഇതിന് വിപരീതമായ നിലപാടാണ് എടുത്തത്. വ്യാപകമായ താരിഫുകൾ വേണമെങ്കിൽ അദ്ദേഹം അമേരിക്കൻ രീതിയിൽ കോൺഗ്രസിലേക്ക് പോകണം. താരിഫുകൾ നല്ല ആശയമാണെങ്കിൽ കോൺഗ്രസിനെ സമ്മതിപ്പിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാകില്ല. നമ്മുടെ ഭരണഘടന അതാണ് ആവശ്യപ്പെടുന്നത്,” എന്ന് കത്യാൽ കുറിച്ചു.

1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) പ്രകാരം ട്രംപ് ഏർപ്പെടുത്തിയിരുന്ന ഭൂരിഭാഗം താരിഫുകളും സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ഈ പ്രതികരണം. ഭരണകൂടം അധികാരം അതിക്രമിച്ചുവെന്നും നികുതി ചുമത്താനുള്ള അധികാരം പ്രധാനമായും കോൺഗ്രസിനാണെന്നും കോടതി വിധിയിൽ വ്യക്തമാക്കി. വിധിക്ക് പിന്നാലെ മണിക്കൂറുകൾക്കകം ട്രംപ് സുപ്രീംകോടതി ജഡ്ജിമാരെ കടുത്ത ഭാഷയിൽ വിമർശിച്ചു.

അവർ “മണ്ടന്മാരും അടിമകളുമാണ്” എന്ന് വിളിക്കുകയും കോടതി വിദേശ സ്വാധീനത്തിന് വഴങ്ങിയെന്നാരോപിക്കുകയും ചെയ്തു. തുടർന്ന് സെക്ഷൻ 122 പ്രകാരം 10 ശതമാനം ആഗോള താരിഫ് പ്രഖ്യാപിച്ച ട്രംപ്, പിന്നീട് അത് 15 ശതമാനമായി ഉയർത്തി. ഇത് “നിയമപരമായി പൂർണമായി അനുവദനീയവും പരീക്ഷിക്കപ്പെട്ടതുമായ” നിരക്കാണെന്നും ഉടൻ പ്രാബല്യത്തിൽ വരുന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.