ശനിയാഴ്ച പുലര്‍ച്ചെ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ മൂന്ന് പേരെ വെടിവച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു 17 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 44-ാം സ്ട്രീറ്റിലും 7-ാം അവന്യൂവിലുമായി പുലര്‍ച്ചെ 1:20 ഓടെയാണ് സംഭവം നടന്നത്. 17 വയസ്സുള്ള പ്രതി 19 വയസ്സുകാരനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനു ശേഷമാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. 

19 കാരന്റെ വലതു കാല്‍പ്പാദത്തിലാണ് വെടിയേറ്റത്. 65 വയസ്സുള്ള പുരുഷന്റെ ഇടത് കാലില്‍ വെടിയേറ്റു. 18 വയസ്സുള്ള യുവതിയുടെ കഴുത്തിലൂടെ ഉരസിയാണ് വെടിയുണ്ട പോയത്. പരിക്കേറ്റവരെ ബെല്ലെവ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 

തര്‍ക്കം എന്തിനെക്കുറിച്ചാണെന്നും ഇരകളും പ്രതിയും പരസ്പരം അറിയാമോ എന്നും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.