അടിവയറ്റിലെ കൊഴുപ്പു നീക്കാൻ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തിൽ വച്ച് ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതാരവസ്ഥയിലായിരുന്ന വനിതാ സോഫ്റ്റ്‌വെയർ എൻജിനീയറുടെ വിരലുകൾ മുറിച്ചുമാറ്റി

തിരുവനന്തപുരം മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടിൽ പത്മജിത്തിന്റെ ഭാര്യ എം.എസ്. നീതു (31) വിൻ്റെ ഇടതു കൈകാലുകളിലെ വിരലുകളാണ് സ്വകാര്യ ആശുപ്രതിയിൽ ശസ്ത്രക്രിയയിലൂടെ നീക്കിയത്. നീതുവിന്റെ ഭർത്താവ് പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിൽ കഴക്കൂട്ടം അരശുംമൂട്ടിൽ പ്രവർത്തിക്കുന്ന ‘കോസ്‌മറ്റിക് ഹോസ്പിറ്റൽ’ എന്ന സ്ഥാപനത്തിന് എതിരെ തുമ്പ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ഫെബ്രുവരി 22ന് ആണ് നീതു അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായത്. 23നു ഡിസ്‌ചാർജ് ആയി. വീട്ടിൽ എത്തി ഉച്ചയോടെ അമിത ക്ഷീണം ഉണ്ടാവുകയും ക്ലിനിക്കിലെ ഡോക്‌ടറെ ഫോണിൽ വിളിച്ചു വിവരം അറിയിക്കുകയും ചെയയ്തു. ഉപ്പിട്ട് കഞ്ഞിയും വെള്ളവും കുടിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം.

രാത്രിയോടെ അവശയായ നീതുവിനെ 24ന് ക്ലിനിക്കിൽ എത്തിച്ചു പരിശോധന നടത്തി. രക്തസമ്മർദം കുറഞ്ഞെന്നും മറ്റും പറഞ്ഞ് ക്ലിനിക്കിലെ ഡോക്‌ടർ സ്വന്തം നിലയ്ക്കു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതായി പറഞ്ഞു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പരിശോധനയിൽ ആന്തരിക അവയവങ്ങളിൽ അണുബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നു 21 ദിവസം വെന്റ്റിലേറ്ററിൽ കഴിയേണ്ടിവന്നു. ഡയലാസിസിനു വിധേയമായി കഴിയുന്ന നീതുവിൻ്റെ ഇടതുകാലിലെ ആർട്ടറി ബ്ലോക്കായതിനെ തുടർന്നു പാദത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞു ചലനശേഷി നഷ്ട‌മാവുകയുമായിരുന്നു