നിര്‍മാതാവ് ജി.സുരേഷ് കുമാര്‍ കിം ജോംഗ് ഉന്നിനെ പോലെയാണെന്ന് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. പൊതുസമൂഹം തന്റെ കൂടെയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും സിനിമ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ യൂട്യൂബില്‍ ഇടുമെന്നും തനിക്ക് ഈ ജോലി മാത്രമേ അറിയൂവെന്നും സാന്ദ്ര പറഞ്ഞു.

‘ഞാന്‍ മനസിലാക്കിയിടത്തോളം സുരേഷേട്ടനാണ് അവിടത്തെ കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്. ഇത്രയും അഡ്വാന്‍സ്ഡായ് കാലഘട്ടിത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഒരു വാട്സാപ്പ് ഗ്രൂപ്പ് പോലുമില്ല. രണ്ട് പാനലുകളുടെ ഗ്രൂപ്പാണുള്ളത്. നിര്‍മ്മാതാവിന് ഗുണം ചെയ്യുന്ന രീതിയില്‍ ഒരു ഡിസ്‌കഷന്‍ അതില്‍ നടക്കാറേയില്ല.’

അസോസിയേഷന്റെ ബില്‍ഡിംഗുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന് പറഞ്ഞ ആളെ പുറത്താക്കി. വിനയന്‍ സാറിനെ സപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കുറച്ചുപേര്‍ പുറത്തായിട്ടുണ്ട്. എതിരായി പറയുന്നവരെ നോട്ട് ചെയ്ത് വയ്ക്കുകയും പുറത്താക്കുകയും ചെയ്യുന്ന പ്രവണത കുറച്ചുനാളായി നടന്നുവരികയാണ്.’

‘ഈ അസോസിയേഷന്റെ ഭാഗമാണ് ഞാന്‍. 14 സിനിമകള്‍ നിര്‍മ്മിക്കുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും ചെയ്ത ആളെന്ന നിലയില്‍ ഈ സംഘടനയില്‍ തന്നെ നിലനില്‍ക്കും. ബദല്‍ സംഘടനകളെ കുറിച്ച് ആലോചിക്കുകയേ ചെയ്യുന്നില്ല. അടുത്തൊരു സിനിമ ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. പൊതുസമൂഹം എന്റെ കൂടെയുണ്ടെന്നാണ് വിശ്വസിക്കുന്നത്. സിനിമ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ യൂട്യൂബില്‍ ഇടും. എനിക്ക് ഈ ജോലി മാത്രമേ അറിയൂ’ സാന്ദ്രാ തോമസ് പറഞ്ഞു.

അതേസമയം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍നിന്ന് തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാന്ദ്രാ തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്രാ തോമസ് പ്രതികരിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനത്തിനെതിരെ ഫിലിം ചേംബറിനും കത്ത് നല്‍കും.