ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം തിങ്കളാഴ്ച്ച തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ശ്രീധർമ്മശാസ്താ ശ്രീ മഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺ, ഗോപൻ ഗുരുവായൂർ, രാജ് മോഹൻ എന്നിവരും നിരവധി ജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. ജനുവരിയിൽ ആദ്യ ഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരുന്നു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കും വിഷു- ഈസ്റ്റർ ആഘോഷങ്ങളുടെ തിരക്കും കഴിഞ്ഞാണ് രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് തൊടുപുഴ,പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ചാർട്ടു ചെയ്തിരിക്കുന്നത്. പിന്നീട് മലേഷ്യാ, മക്കൗ എന്നിവിടങ്ങളിൽ സിനിമയുടെ എന്നിവിടങ്ങളിൽ സിനിമയുടെ ചിത്രീകരണം ഉണ്ടാകും. സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കുകൾക്കിടയിൽ ലഭ്യമാകുന്ന ഡേറ്റിനനുസരിച്ചു എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അറിയിച്ചു. കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. 

കബീർ ദുഹാൻ സിംഗ്, ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ബോളിവുഡിലെ ഒരു പ്രശസ്ത നടിയായിരിക്കും ഈ ചിത്രത്തിലെ നായിക. വലിയ മുതൽമുടക്കിൽ വലിയ ജനപങ്കാളിത്തത്തോടെ, ഒരു മാസ് ചിത്രമായിട്ടാണ് “ഒറ്റക്കൊമ്പൻ” അവതരിപ്പിക്കുന്നത്.