ന്യൂയോർക്ക്: ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശ യാത്ര നടത്തിയ ശേഷമുള്ള തിരിച്ചുവരവിൽ പ്രതിസന്ധി നേരിടുന്ന സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചുവരവിൽ തീരുമാനം ആഗസ്റ്റ് അവസാനമെന്ന് നാസ. ഈ മാസം പകുതിയോടെ തീരുമാനമുണ്ടാകും എന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ മാത്രമേ പരിഹാരം കാണാനാകു എന്നാണ് നാസ പറയുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അവസാന തീയതി നിശ്ചയിച്ചിട്ടില്ല എന്നും നാസ വ്യക്തമാക്കി.

സ്റ്റാർലൈനർ ദൗത്യം പ്രതിസന്ധികളെ നേരിട്ടേക്കാം എന്ന് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അറിയമായിരുന്നുവെന്ന് നാസ ചീഫ് ആസ്ട്രോനോട്ട് വിവരിച്ചു. ബഹിരാകാശ നിലയത്തിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ സ്റ്റാർ ലൈനർ തന്നെ യാത്രക്കാരെ തിരിച്ചു കൊണ്ടുവരാൻ ഉപയോഗിക്കും എന്നും നാസ വ്യക്തമാക്കി. മറ്റൊരു പേടകത്തിൽ യാത്രക്കാരെ തിരിച്ചുകൊണ്ട് വരേണ്ടി വന്നാൽ അതിനർത്ഥം അപകടം സംഭവിച്ചു എന്നല്ലെന്നും നാസ ചീഫ് ആസ്ട്രോനോട്ട് കൂട്ടിച്ചേർത്തു. അതേസമയം സ്‌പേസ് എക്സിന്റെ ഡ്രാഗണ് പേടകം മടങ്ങി വരവിന് ഉപയോഗിക്കുന്നത് പരിഗണിക്കുന്നു എന്ന് കഴിഞ്ഞ വാർത്താ സമ്മേളനത്തിൽ നാസ അറിയിച്ചിരുന്നു.

വെറും ഒരാഴ്‌ച മാത്രം നീണ്ട ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചത്. അമേരിക്കന്‍ സ്വകാര്യ കമ്പനികളുമായുള്ള നാസയുടെ സഹകരണത്തിന്‍റെ ഭാഗമായുള്ള കൊമേഴ്‌സ്യല്‍ ക്രൂ പോഗ്രാമിന്‍റെ ഭാഗമായിരുന്നു ഈ ദൗത്യം. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ അടക്കമുള്ള തകരാറുകള്‍ വിക്ഷേപണത്തിന് കനത്ത വെല്ലുവിളിയായി. ഒരാഴ്‌ചത്തെ ദൗത്യത്തിന് പോയ ഇരു ബഹിരാകാശ സഞ്ചാരികളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 70 ദിവസം അടുക്കുകയാണ്.