യു.എസിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കിടയിൽ ആത്മഹത്യാ നിരക്ക് ഭയപ്പെടുത്തുന്ന രീതിയിൽ വർദ്ധിക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 2025 ജനുവരിയിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം മാത്രം കുറഞ്ഞത് 10 പുരുഷന്മാർ തടങ്കലിൽ വെച്ച് ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. മുൻ വർഷങ്ങളിൽ ഒന്നോ രണ്ടോ ആത്മഹത്യകൾ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണിത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം മാത്രം ഏഴ് മരണങ്ങളാണ് ആത്മഹത്യയായി സ്ഥിരീകരിച്ചത്. ഏജൻസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ട്രംപിൻ്റെ രണ്ടാം ഭരണകാലത്ത് തടവിലാക്കപ്പെട്ടവരുടെ എണ്ണം 50% വർദ്ധിച്ച് 60,000 ആയി ഉയർന്ന സാഹചര്യത്തിലാണ് ഐസിഇ സംവിധാനത്തിലെ ചികിത്സാ-മേൽനോട്ട പിഴവുകൾ ഈ മരണങ്ങളിലൂടെ പുറത്തുവന്നത്. മരണമടഞ്ഞവരിൽ അഞ്ച് പേർ ഐസിഇയുടെ ദീർഘകാല പങ്കാളികളായ ‘കോർസിവിക്’, ‘ജിയോ ഗ്രൂപ്പ്’ എന്നിവർ നടത്തുന്ന കേന്ദ്രങ്ങളിലാണ് മരിച്ചത്. ആറാമത്തെ മരണം സംഭവിച്ചത് പരിചയസമ്പന്നരല്ലാത്ത ഒരു കരാറുകാരൻ നടത്തിയിരുന്ന ക്യാമ്പിലാണ് (ഇവരെ പിന്നീട് ഐസിഇ മാറ്റിയിട്ടുണ്ട്). മൂന്ന് പേർ ഷെരീഫുമാർ നടത്തുന്ന ജയിലുകളിലും ഒരാൾ ഫെഡറൽ ജയിലിലുമാണ് മരിച്ചത്.

മിസൗറി ജയിലിൽ കോവിഡ്-19 ബാധിച്ച് ഐസൊലേഷനിൽ കഴിയവെ ആത്മഹത്യ ചെയ്ത ബ്രയാൻ റായോ ഗാർസോൺ എന്ന തടവുകാരൻ്റെ അനുഭവം ഈ കേന്ദ്രങ്ങളിലെ ക്രൂരത വെളിപ്പെടുത്തുന്നു. പനിയും വിറയലുമായി കഴിഞ്ഞിരുന്ന ബ്രയാൻ മാനസികാരോഗ്യ ചികിത്സയ്ക്കായി അപേക്ഷിച്ചെങ്കിലും അധികൃതർ അത് നിരസിച്ചു. രോഗം പകരാതിരിക്കാനെന്ന പേരിൽ അമ്മയെ ഫോൺ വിളിക്കുന്നതിനും വിലക്കേർപ്പെടുത്തി.

“എൻ്റെ അമ്മ എന്നെയോർത്ത് വലിയ വിഷമത്തിലാണെന്ന് എനിക്ക് തോന്നുന്നു” എന്ന് സ്പാനിഷ് ഭാഷയിൽ ബ്രയാൻ ജയിൽ ഉദ്യോഗസ്ഥർക്ക് എഴുതി നൽകിയ കുറിപ്പ് വാങ്ങി അധികൃതർ അവഗണിക്കുകയാണുണ്ടായത്. ഈ കുറിപ്പ് നൽകി ഒരു മണിക്കൂറിനകം ബ്രയാനെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പൊതുജനാരോഗ്യ-മാനസികാരോഗ്യ കാഴ്ചപ്പാടിൽ കാര്യങ്ങൾ ഗുരുതരമായ അവസ്ഥയിലാണെന്ന് കാലിഫോർണിയ സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. സഞ്ജയ് ബസു വ്യക്തമാക്കി. തടവുകാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനേക്കാൾ വളരെ വേഗത്തിലാണ് ആത്മഹത്യാ നിരക്ക് ഉയരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മരിച്ചവരിൽ ഒൻപത് പേരും ഹിസ്പാനിക് വിഭാഗത്തിൽപ്പെട്ടവരും ഒരാൾ ചൈനീസ് പൗരനുമാണ്. ഇവരുടെ ശരാശരി പ്രായം 32 വയസ്സാണ്. നാടുകടത്തൽ ഭീഷണി നേരിടുന്നവർ കടുത്ത കുറ്റവാളികളാണെന്ന് ട്രംപ് ഭരണകൂടം വാദിക്കുമ്പോഴും, മരിച്ച 10-ൽ 7 പേർക്കും യു.എസിൽ യാതൊരുവിധ അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലവും ഇല്ലായിരുന്നുവെന്ന് എ.പി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചില സാഹചര്യങ്ങളിൽ, മാനസികമായി തകർന്നിരിക്കുന്ന തടവുകാരെ അധികൃതർ ഏകാന്ത തടവിലാക്കുന്നു. ഇത് അവരുടെ അപമാനഭാരവും നിസ്സാഹായാവസ്ഥയും വർദ്ധിപ്പിക്കാൻ മാത്രമേ കാരണമാകൂ എന്ന് വിദഗ്ദ്ധർ പറയുന്നു. തടങ്കൽ കേന്ദ്രത്തിൽ എത്തിച്ച് 12 മണിക്കൂറിനുള്ളിൽ തടവുകാരെ ശാരീരിക-മാനസിക ആരോഗ്യ പരിശോധനകൾക്ക് വിധേയമാക്കാറുണ്ടെന്നാണ് ഐസിഇ നിരന്തരം അവകാശപ്പെടുന്നത്. എന്നാൽ, ആത്മഹത്യകൾ നടന്ന ഒൻപത് കേന്ദ്രങ്ങളിൽ മൂന്നെണ്ണമെങ്കിലും ഈ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെട്ടതായി ഐ.സി.ഇ-യുടെ തന്നെ പരിശോധനാ റിപ്പോർട്ടുകളും ജയിൽ രേഖകളും വ്യക്തമാക്കുന്നു.

തടവുകാരുടെ മരണങ്ങൾ തടയുന്നതിനായി മുൻപ് ഐസിഇയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള, ന്യൂയോർക്ക് സിറ്റി ജയിലുകളിലെ മുൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹോമർ വെന്റേഴ്സ് ഈ ആത്മഹത്യാ വർദ്ധനവിനെ ‘ഭയപ്പെടുത്തുന്നത്’ എന്നാണ് വിശേഷിപ്പിച്ചത്. “നിലവിലെ സിസ്റ്റം പ്രവർത്തിക്കുന്നതിലെ പരാജയമാണ് ഈ വർദ്ധനവ് കാണിക്കുന്നത്. പ്രത്യേകിച്ച്, തടങ്കലിലേക്ക് കൊണ്ടുവരുന്ന ആദ്യ ഘട്ടങ്ങളിൽ ആളുകളെ കൃത്യമായി വിലയിരുത്തുന്നതിൽ വലിയ വീഴ്ച സംഭവിക്കുന്നുണ്ട്,” ഡോ. വെന്റേഴ്സ് പറഞ്ഞു. ആദ്യ പരിശോധനകളിൽ എന്തെങ്കിലും അപകടസൂചനകൾ കണ്ടെത്തിയാൽ പോലും, ആത്മഹത്യ തടയാൻ തക്കവണ്ണമുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.