തെരുവ് നായയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നതെല്ലാം നെഗറ്റീവ് വാര്‍ത്തകളാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ആക്രമിക്കുപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന അനേകം വാര്‍ത്തകള്‍ക്ക് ഇടയില്‍ കൊല്‍ക്കത്തയില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത. പശ്ചിമബംഗാളില്‍ കൊടുംതണുപ്പില്‍ ആരോ ഉപേക്ഷിച്ചുപോയ ചോരക്കുഞ്ഞിന് രാത്രി മുഴുവന്‍ സംരക്ഷണം നല്‍കിയത് തെരുവ് നായ്ക്കള്‍.
നാദിയ ജില്ലയിലാണ് സംഭവം. റെയില്‍വേ തൊഴിലാളികളുടെ കോളനിയിലെ ബാത്ത്റൂമിന് പുറത്ത് തണുത്തുറഞ്ഞ നിലത്താണ് ജനിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായമുള്ള നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കുറിപ്പോ, കുഞ്ഞിന് പുതയ്ക്കാന്‍ ഒരു പുതപ്പോ പോലും സമീപത്ത് ഉണ്ടായിരുന്നില്ല. രാത്രിയില്‍ ഉടനീളം കുരയ്ക്കാതെയും മറ്റാരെയും കുഞ്ഞിന് നേരെ അടുപ്പിക്കാതെയും തെരുവ് നായ്ക്കള്‍ കുഞ്ഞിനെ സംരക്ഷിച്ചു. അവ കുഞ്ഞിനെ തൊടുകപോലും ചെയ്തില്ല.
കുഞ്ഞിന് അരികിലേക്ക് രാത്രിയില്‍ ആരും വരാന്‍ പോലും നായ്ക്കള്‍ അനുവദിച്ചില്ല. പകല്‍ വെളിച്ചം വരുന്നത് വരെ നായ്ക്കള്‍ കുഞ്ഞിന് ചുറ്റും നിലകൊണ്ടുവെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് രാവിലെ പ്രദേശവാസികള്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച തെരുവുനായ്ക്കള്‍ കാവല്‍ക്കാരായ് കുഞ്ഞിന് ചുറ്റും നില്‍ക്കുന്നതാണ്. സമീപവാസിയായ സ്ത്രീയെത്തി കുഞ്ഞിനെ എടുക്കുന്നത് വരെ നായ്ക്കള്‍ കുഞ്ഞിന് കാവലായി നില്‍ക്കുകയും ചെയ്തു.
പ്രദേശവാസികള്‍ ചേര്‍ന്ന് മഹേഷ്ഗഞ്ച് ആശുപത്രിയിലേക്കും തുടര്‍ന്ന് കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ പരിക്കോ ഇല്ലെന്നും ശരീരത്തിലുണ്ടായിരുന്ന ചോരക്കറ ജനിച്ചയുടന്‍ ഉപേക്ഷിച്ചതിനാലാകാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രദേശത്ത് തന്നെയുളള ആരെങ്കിലും കുഞ്ഞിനെ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസ് നിഗമനം.



