67ാം മത് സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബർ 21 വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത നടി കീർത്തി സുരേഷാണ് മേളയുടെ ഗുഡ്‌വില്‍ അംബാസഡർ. മേളയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരുന്നതായും പി ആർ ചേംബറില്‍ നടന്ന വാർത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
മത്സരങ്ങള്‍ 12 സ്റ്റേഡിയങ്ങളില്‍ ആണ് സംഘടിപ്പിക്കുന്നത്. ഇതില്‍ പ്രധാന വേദിയായ സെൻട്രല്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലിക ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി വരുന്നു. രണ്ടുദിവസമായി പെയ്യുന്ന മഴ ഇതിന്റെ പ്രവർത്തനങ്ങള്‍ കുറച്ചു മന്ദഗതിയിലാക്കിയിട്ടുണ്ട്. എന്നാലും കൃത്യസമയത്ത് തന്നെ ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയാക്കും. വടംവലി ഉള്‍പ്പെടെയുള്ള 12 മത്സരങ്ങളാണ് സെൻട്രല്‍ സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. അതിലറ്റിക്സ് മത്സരങ്ങള്‍ നടക്കുന്നത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ്.
ത്രോ ഇവന്റസ് എല്ലാം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും ആണ് നടക്കുന്നത്. എല്ലാം സ്റ്റേഡിയങ്ങള്‍ ആയതുകൊണ്ട് തന്നെ അവിടെയെല്ലാം ചെറിയ ചെറിയ മെയിന്റനൻസ് പണികള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ടെക്നിക്കല്‍ ഒഫീഷ്യല്‍സിനെയും, സെലക്ടേഴ്സിനെയും വോളണ്ടിയേഴ്സിനെയും നിയോഗിച്ചു. മത്സരങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളുടെ പർച്ചേസ് നടപടി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളുടെയും ഒഫീഷ്യല്‍സിന്റെയും, താമസത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് താമസിക്കുന്നതിനായി എഴുപതോളം സ്‌കൂളുകളും അവർക്ക് സഞ്ചരിക്കുന്നതിനായി ബസ്സുകളും ക്രമീകരിച്ചിട്ടുണ്ട്.
ഭക്ഷണത്തിനായി പുത്തരിക്കണ്ടത്ത് ഉള്‍പ്പടെ 5 അടുക്കളകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേർക്ക് ഇരുന്ന് കഴിക്കാൻ പാകത്തിന് ഭക്ഷണപ്പന്തല്‍ ഒരുക്കുന്നുണ്ട്. സമാപന സമ്മേളനവും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് 4500 കുട്ടികളുടെ മാർച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിക്കും. ഭിന്നശേഷി കുട്ടികളുടെയും വിദേശത്തുള്ള കുട്ടികളുടെയും ഓണ്‍ലൈൻ എൻട്രി പൂർത്തിയായി വരുന്നു. വിദേശത്തുള്ള കുട്ടികളുടെ കോർഡിനേഷന് വേണ്ടി അധ്യാപകരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



