വടക്കേ അമേരിക്കയില്‍ നയം മാറ്റി സ്റ്റാര്‍ബക്‌സ്. ഒന്നും വാങ്ങിയില്ലെങ്കിലും സ്റ്റാര്‍ബക്‌സ് കഫേയില്‍ വെറുതെ ഇരിക്കുന്നത് ചിലരുടെ ഒരു പതിവാണ്. ചിലരാകട്ടെ ലാപുമായി വന്ന് ഒരു ടേബിളില്‍ ഇരുപ്പറിപ്പിച്ച് ജോലിയും ആരംഭിക്കും, മറ്റു ചിലര്‍ ശുചിമുറി ഉപയോഗിക്കും. ഒന്നുംവാങ്ങാതെ ഇപ്രകാരം കഫേയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്ന സ്റ്റാര്‍ബക്‌സ് വടക്കേ അമേരിക്കയില്‍ തങ്ങളുടെ നയം മാറ്റാനുള്ള തീരുമാനത്തിലാണ്. ജനുവരി 27 മുതല്‍ പുതിയ നയം നിലവില്‍ വരും. ഇതുപ്രകാരം ഇനി സ്റ്റാര്‍ബക്‌സില്‍ നിന്ന് ഒന്നും ഓര്‍ഡര്‍ ചെയ്യാതെ കഫേയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അനുവാദമുണ്ടായിരിക്കുകയില്ല.

സ്റ്റാര്‍ബക്‌സിലേക്ക് ആളുകളെ തിരിച്ചെത്തിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സെയ്ല്‍ ഉയര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.’ഒരു കോഫീഹൗസ് മര്യാദ നടപ്പാക്കാനുള്ള ആലോചനയിലാണ്. ഞങ്ങളുടെ ഉല്പന്നങ്ങള്‍ വാങ്ങി കഫേയിലുന്ന് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള പ്രായോഗിക ചുവടുവയ്പ്പായാണ് ഇതിനെ കരുതുന്നത്. കഫേ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്‍ വരുത്തുന്ന വിപുലമായ മാറ്റങ്ങളുടെ ഭാഗമാണ് ഈ അപ്ഡേറ്റുകള്‍. ഇതിലൂടെ സ്റ്റാര്‍ബക്സിലേക്ക് എല്ലാവരും മടങ്ങുന്നതിനായാണ് ശ്രമിക്കുന്നത്.’ അധികൃതര്‍ പറയുന്നു.