ചിക്കാഗോ: 71 കാരനായതോടെ അനാരോഗ്യവാന്‍ എന്ന് വിമര്‍ശിച്ചവരുടെ വായടപ്പിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്‍. സ്റ്റാലിന്‍ വൈകാതെ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നും പാര്‍ട്ടി നേതൃസ്ഥാനവും ഭരണച്ചുമതലയും മകന്‍ ഉദയനിധിക്ക് വിട്ടുനല്‍കുമെന്നുമായിരുന്നു വിമര്‍ശകരുടെ ആക്ഷേപം. 

ഇപ്പോഴിതാ, യുഎസ് സന്ദര്‍ശനത്തിനിടെ സൈക്കിളോടിച്ച് പോകുന്ന എം.കെ.സ്റ്റാലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ബുധനാഴ്ച രാവിലെയാണ് ചിക്കാഗോ നഗരത്തിലൂടെ സൈക്കിള്‍ സവാരി നടത്തുന്ന വീഡിയോ സ്റ്റാലിന്‍ എക്‌സില്‍ പങ്കുവച്ചത്. 

അനാരോഗ്യം സ്റ്റാലിനെ അലട്ടുന്നുവെന്നും ഇതിന് വേണ്ടിയാണ് യുഎസ് സന്ദര്‍ശനമെന്നുമുള്ള കുപ്രചരണങ്ങളുമെല്ലാം ഈയൊരൊറ്റ വീഡിയോയിലൂടെ തള്ളിക്കളയുകയാണ് എം.കെ സ്റ്റാലിന്‍. ‘വൈകുന്നേരത്തെ ശാന്ത അന്തരീക്ഷം, പുതിയ സ്വപ്നങ്ങള്‍ക്ക് കളമൊരുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സ്റ്റാലിന്‍ തന്റെ സൈക്കിള്‍ സവാരി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ചെന്നൈയിലെ വസതിയിലുള്ള ജിമ്മില്‍ പരിശീലനം നടത്തുന്ന വീഡിയോയും സ്റ്റാലിന്‍ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കൃത്യമായ വ്യായാമമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞിരുന്നത്.