കൊച്ചി: ഐപിഎല്ലിലെ 2008 സീസണിൽ വൻവിവാദമായ ശ്രീശാന്ത്-ഹര്‍ഭജന്‍ സിംഗ് അടിയുടെ വീഡിയോ പുറത്തുവിട്ട മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിക്കും ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരി. ലളിത് മോദിയെയും മൈക്കല്‍ ക്ലാര്‍ക്കിനെയുമോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ഭുവനശ്വരി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു. ചീപ്പ് പബ്ലിസിറ്റിക്കും കാഴ്ചക്കാരെ കിട്ടാനും വേണ്ടി 2008ല്‍ നടന്നൊരു സംഭവത്തിന്‍റെ വീഡിയോ വീണ്ടും പുറത്തിറക്കിയ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും നിങ്ങള്‍ മനുഷ്യരാണോ എന്നും ഭുവനേശ്വരി ചോദിച്ചു.
ഹര്‍ഭജനും ശ്രീശാന്തുമെല്ലാം ആ സംഭവത്തില്‍ നിന്ന് ഏറെ മുന്നോട്ടുപോയി. ഇരുവരും ഇപ്പോള്‍ സ്കൂളില്‍ പോകുന്ന കുട്ടികളുടെ പിതാക്കൻമാരാണ്. എന്നിട്ടും പഴയ മുറിവില്‍ കുത്തി വേദനിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം നാണക്കേടും ഹൃദയശൂന്യതയും മനുഷ്യത്വമില്ലാത്ത നടപടിയുമാണെന്നും ഭുവനേശ്വരി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
എല്ലാവരും മറന്ന ഒരുവിവാദത്തെ വീണ്ടും വലിച്ചു പുറത്തിട്ട് വീണ്ടും വേദനിപ്പിച്ചതിനും അവരുടെ നിഷ്കളങ്കരായ കുട്ടികളെ വേദനിപ്പിക്കുകയും അവര്‍ക്ക് നാണക്കേട് ഉണ്ടാക്കിയതിനും ലളിത് മോദിക്കും മൈക്കല്‍ ക്ലാര്‍ക്കിനുമെതിരെ നിയമനടപടിയെടുക്കുകയാണ് വേണ്ടതെന്നും തങ്ങളുടെതല്ലാത്ത കാരണത്താലാണ് ആ കുട്ടികള്‍ വീണ്ടും വീണ്ടും അപമാനിതരാവുന്നതെന്നും ഭുവനേശ്വരി പറഞ്ഞു.